Asianet News MalayalamAsianet News Malayalam

വാങ്ങാനാളില്ല, മോഡലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഐക്കണിക്ക് വണ്ടിക്കമ്പനി!

വലിയ നഷ്‍ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്. 

Harley Davidson to cut 30 percent of planned models
Author
Mumbai, First Published Aug 1, 2020, 9:42 PM IST

തങ്ങളുടെ വാഹന ശ്രേണിയില്‍ നിന്നും 30 ശതമാനത്തോളം മോഡലുകളെ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‍സണ്‍. 2020 രണ്ടാം പാദത്തില്‍ വലിയ നഷ്‍ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി കടക്കുന്നത്. 

ഇപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാ വിഭാഗത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ നീക്കം. അതിനാല്‍ ഇപ്പോള്‍ 2020 മോഡലുകള്‍ ഏതാനും മാസങ്ങള്‍ കൂടി നീട്ടുകയും പുതിയ 2021 ബൈക്കുകള്‍ അടുത്ത വര്‍ഷം മാത്രമേ വിപണിയില്‍ എത്തിക്കുകയുള്ളുവെന്നും ആണ് റിപ്പോര്‍ട്ടുകള്‍. 

നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു. യോര്‍ക്ക്, പെന്‍സില്‍വാനിയയിലെ പ്ലാന്റിലെ 90 പ്രൊഡക്ഷന്‍ തൊഴിലാളികളെയും വിസ്‌കോണ്‍സിന്‍ ടോമാഹാവ് ഫാക്ടറിയിലെ 50 തൊഴിലാളികളെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് കമ്പനി പ്രതിനിധി സൂചിപ്പിച്ചത്.

യുഎസ് വിപണിയില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടതിനെതുടര്‍ന്ന് 2020 മാര്‍ച്ചിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു ലെവറ്റിച്ച് രാജിവെച്ചത്. 2015 മെയിലാണ് മാത്യു ലെവറ്റിച്ച് സിഇഒ സ്ഥാനം ഏറ്റെടുത്തത്. ആഭ്യന്തര വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രിക് ബൈക്കുകള്‍ ഉള്‍പ്പെടെ പുതിയ ലോഞ്ചുകള്‍ നടത്തിയെങ്കിലും പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ല.

ഹാര്‍ലി ഡേവിഡ്‌സണിന്റെ ആകെ വില്‍പ്പനയില്‍ പകുതിയിലധികം വില്‍ക്കുന്നതും അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയുമാണ് അമേരിക്ക. എന്നാല്‍ ജന്മദേശത്ത് മികച്ച വില്‍പ്പന വളര്‍ച്ച കൈവരിക്കുന്നതില്‍ കമ്പനി വര്‍ഷങ്ങളായി പരാജയപ്പെടുകയാണ്. 2019 ല്‍ യുഎസ് വിപണിയിലെ ഹാര്‍ലിയുടെ വില്‍പ്പന കഴിഞ്ഞ പതിനാറ് വര്‍ഷത്തെ ഏറ്റവും താഴ്ന്നതായിരുന്നു. കഴിഞ്ഞ പന്ത്രണ്ട് പാദങ്ങളിലും വില്‍പ്പന ഇടിഞ്ഞതിനെതുടര്‍ന്ന് ബൈക്കുകളുടെ ഉല്‍പ്പാദനം പരിമിതപ്പെടുത്താന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍ബന്ധിതരായിരുന്നു.

2019 ല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലെ ഏറ്റവും കുറവ് ബൈക്കുകളാണ് യുഎസ് വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്ക് എത്തിച്ചത്. ആഗോള കയറ്റുമതി 2010 നുശേഷമുള്ള ഏറ്റവും കുറവ്. വില്‍പ്പന വര്‍ധിക്കാനുള്ള സാധ്യത മങ്ങിയതോടെ നിക്ഷേപകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. ലെവറ്റിച്ച് സ്ഥാനമേറ്റശേഷം ഹാര്‍ലിയുടെ ഓഹരി മൂല്യം 46 ശതമാനമാണ് ഇടിഞ്ഞത്.

എന്തായാലും നഷ്‍ടക്കണക്കുകള്‍ തുടര്‍ക്കഥയായതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ക്കായി ആസൂത്രണം ചെയ്ത എന്‍ട്രി ലെവല്‍ ഹാര്‍ലി-ഡേവിഡസണ്‍ എന്ന പദ്ധതിയും ഉടനെ നടക്കാനിടയില്ല. മാത്രമല്ല മോഡലുകള്‍ക്കൊപ്പം നിലവിലെ ലൈനപ്പിന്റെ ചില വകഭേദങ്ങളും കമ്പനി നിര്‍ത്തലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios