ജന്മദിനത്തിന് സമ്മാനമായി മാതാപിതാക്കള്‍ വാങ്ങി നല്‍കിയ 40 ലക്ഷത്തിന്‍റെ ബിഎംഡബ്ള്യു കാര്‍ 22കാരനായ യുവാവ് പുഴയില്‍ ഒഴുക്കി.  ഹരിയാനയിലെ യമുനാ നഗറിലാണ് ഒരേസമയം അമ്പരപ്പിക്കുന്നതും രസകരവുമായ സംഭവം. 

പ്രദേശത്തെ ഒരു ജന്മിയുടെ മകനായ യുവാവാണ് കഥയിലെ നായകനും വില്ലനുമെല്ലാം. തന്‍റെ ജന്മദിനത്തിന്  ഒരു ജഗ്വാര്‍ കാറാണ് സമ്മാനമായി ഇയാള്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 40 ലക്ഷത്തിന്‍റെ ബിഎംഡബ്ല്യു  3 സീരിസായിരുന്നു മാതാപിതാക്കള്‍  വാങ്ങി നല്‍കിയത്. അതോടെ അരിശം കയറിയ ജന്മിപുത്രന്‍ പുത്തന്‍ ആഡംബര കാര്‍ സമീപത്തെ പുഴയിലേക്ക് തള്ളുകയായിരുന്നു. മാത്രമല്ല ഈ കടുംകൈയ്യുടെ ദൃശ്യം ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‍തു.

ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെ യുവാവിന്‍റെ ദേഷ്യം മാറിയിരുന്നു. അതോടെ മാതപിതാക്കളെയും കൂട്ടി ഇയാള്‍ കാര്‍ കരകയറ്റാനുള്ള ശ്രമവും തുടങ്ങി.  നദീതീരത്തെ പുല്‍കൂട്ടത്തില്‍ കാര്‍ പൊങ്ങി കിടക്കുന്നത് കണ്ടെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം കരക്കെത്തിച്ചു.  ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഇതിന്‍റെ വാര്‍ത്തയും വന്നു. 

അതേസമയം മകന് മാനസികാസ്വാസ്ഥ്യമാണെന്നും ജഗ്വാർ ആവശ്യപ്പെട്ടിട്ടില്ലെന്നും യുവാവിന്‍റെ കുടുംബം പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തില്‍ കേസടുക്കുന്നില്ലെന്നാണ് പൊലീസ് നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍.