ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്‍കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വ്യാപാര ബന്ധം കമ്പനി അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത മൂന്നു മാസത്തിനുള്ളിലാണ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ് നടത്തേണ്ടിയിരുന്നത്. എന്നാൽ ആ പദ്ധതികളെല്ലാം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ആ പദ്ധതികൾ റദ്ദാക്കിയതായി കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജൽ പറഞ്ഞതായാണ് റിപ്പോർട്ട്. ചൈനീസ് ഉൽ‌പ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ഇപ്പോൾ ബദൽ വിപണികൾ തേടിക്കൊണ്ടിരിക്കുകയാണ് ഹീറോ. ജർമ്മനിയാണ് പട്ടികയിൽ ഒന്നാമത്. കോണ്ടിനെന്റൽ മാർക്കറ്റിനെ പരിപാലിക്കുന്നതിനായി യൂറോപ്യൻ രാജ്യത്ത് ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിൾസ് ഒരുങ്ങുന്നുണ്ട്. 

ലുധിയാനയിലെ ധനൻസു ഗ്രാമത്തിൽ സൈക്കിൾ വാലി പൂർത്തിയാക്കിയാൽ രാജ്യത്തിന് ചൈനയുമായി എളുപ്പത്തിൽ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യൻ നിർമാണ വിപണിയിൽ കമ്പനി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിൾസ് പ്ലാന്റിനുപുറമെ, സൈക്കിൾ വാലിയിൽ അനുബന്ധ, വെണ്ടർ യൂണിറ്റുകളും ഉൾപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.