'സെലിബ്രേറ്റ് യുവര്‍ ഫ്രീഡം' ക്യാംപെയിനുമായി ഹീറോ ഇലക്ട്രിക്. നിരവധി ഓഫറുകളാണ് ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി കമ്പനി ഒരുക്കിയിരിക്കുന്നത്. 2020 ഓഗസ്റ്റ് 31 വരെ ഈ ഓഫറുകള്‍ ലഭ്യമാകും. പുതിയ ക്യാംപെയിനിംഗിന്‍റെ ഭാഗമായി, ഹീറോ ഇലക്ട്രിക് ബ്രാന്‍ഡില്‍ നിന്നുള്ള ഏതെങ്കിലും ഹൈ-സ്പീഡ് ലിഥിയം അയണ്‍ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ 3,000 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത്.

മാത്രമല്ല, നിലവിലുള്ള ഹീറോ ഇലക്ട്രിക് ഉപഭോക്താവാണ് റഫറന്‍സ് ചെയ്യുന്നതെങ്കില്‍ വാങ്ങുന്നയാള്‍ക്ക് 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. അതോടൊപ്പം, ഒരാളെ റഫറന്‍സ് ചെയ്യുന്ന ഉപഭോക്താവിന് 1,000 വിലയുള്ള ഒരു ആമസോണ്‍ വൗച്ചര്‍ ലഭിക്കും.

പുതിയ ക്യാമ്പെയിനുപുറമെ, ഹീറോ ഇലക്ട്രിക്കിന്റെ മൂന്നു ദിവസത്തെ റിട്ടേണ്‍ പോളിസിയും ഹോം ഡെലിവറി ഓപ്ഷനുകളും ഇന്ത്യയിലുടനീളം തുടരും. നേരത്തെയും നിരവധി ഓഫറുകളുമായി ബ്രാന്‍ഡ് രംഗത്ത് എത്തിയിരുന്നു.

തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള ആവേശകരമായ പ്രതികരണത്തില്‍ തീര്‍ച്ചയായും സന്തോഷമുണ്ടെന്നും, വരും കാലങ്ങളില്‍ ഉപയോക്താക്കള്‍ അവരുടെ യാത്രാമാര്‍ഗ്ഗത്തിനായി ഹീറോ ഇലക്ട്രിക് പോലുള്ള വിശ്വസ്ത ബ്രാന്‍ഡില്‍ നിന്ന് സാമ്പത്തികവും സൗകര്യപ്രദവുമായ മോഡലുകളുടെ സോവനങ്ങള്‍ തേടുമെന്നും കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രതിമാസ സബ്‍സ്‍ക്രിപ്‍ഷന്‍ സേവനങ്ങള്‍ അടുത്തിടെ കമ്പനി തുടങ്ങിരുന്നു. പ്രതിമാസം 2,999 രൂപയില്‍ തുടങ്ങുന്ന പദ്ധതികളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.