കമ്പനിയുടെ മുഴുവൻ ഇലക്ട്രിക്ക് സ്‍കൂട്ടറുകൾക്കും ഒരു പ്രത്യേക ഓൺലൈൻ വിൽപ്പന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്. 5,000 രൂപ വരെയുള്ള വിലക്കിഴിവ് വിവിധ മോഡലുകള്‍ക്ക് അനുസരിച്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഫ്ലാഷ് ലെഡ്-ആസിഡ് ലോ-സ്പീഡ് മോഡലിനെ ഈ ഓഫറിൽ നിന്ന് ഒഴിവാക്കി. ഹീറോ ഇലക്ട്രിക്കിൽ നിന്നുള്ള പ്രത്യേക വിൽപ്പന ഏപ്രിൽ 17 മുതൽ 2020 മെയ് 15 വരെ ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് മോഡൽ പരിഗണിക്കാതെ 2,999 രൂപ ബുക്കിംഗ് തുക നൽകണം. ലോക്ക് ഡൌൺ ജൂണിനപ്പുറത്തേക്ക് നീട്ടിയിട്ടില്ല എങ്കിൽ ബുക്കിംഗ് തുക തിരികെ നൽകില്ല. 

ഈ ഓഫറിന്റെ ഭാഗമായി, എല്ലാ ഹീറോ ഇലക്ട്രിക് സ്കൂട്ടറിലും ഉപഭോക്താക്കൾക്ക് 5,000 രൂപ ഇൻസ്റ്റൻഡ് ഡിസ്‌കൗണ്ട്‌ ലഭിക്കും. ഗ്ലൈഡ് ഇ-സൈക്കിൾ മോഡലുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ആണ് ലഭിക്കുക. 

ഈ ക്യാഷ് ഡിസ്‌കൗണ്ട്‌ ഓഫറുകൾ കൂടാതെ, നിലവിലുള്ള ഉപഭോക്താക്കൾക്ക് റഫറൻസ് പർച്ചേസിനായി കമ്പനി 1,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും നൽകുന്നു. ഓൺലൈനിൽ നടത്തിയ ബുക്കിംഗുകളിൽ മാത്രമേ ഈ ഓഫർ ബാധകമാകൂ.

ഫ്ലാഷ്, Nyx, ഒപ്റ്റിമ, ഫോട്ടോൺ, ഫ്ലാഷ്, ഡാഷ്, ER (എക്സ്റ്റെൻഡഡ് റേഞ്ച്) എന്നീ വകഭേദങ്ങളും ഹീറോ ഇലക്ട്രിക്കിന്റെ നിലവിലെ ഉൽ‌പന്ന പോർട്ട്‌ഫോളിയോയാണ്. ഉയർന്ന നിലവാരമുള്ള ലിഥിയം അയൺ ബാറ്ററികൾ നൽകുന്ന ഗ്ലൈഡ്, ഇ-സൈക്കിൾ എന്നിവയും നിർമ്മാതാക്കളുടെ വാഹന നിരയിൽ ഉൾപ്പെടുന്നു.