രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പിന്‍റെ പ്ലാന്‍റുകളില്‍ താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ആഗസ്‍ത് 15 മുതല്‍ 18 വരെ നാല് ദിവസത്തേക്ക് നിര്‍മ്മാണശാലകള്‍ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിവിധ അവധി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് കമ്പനി പറയുന്നത്. സ്വാതന്ത്ര്യദിനം, രക്ഷാബന്ധന്‍ തുടങ്ങിയ അവധി ദിവസങ്ങള്‍ കാരണം വിപണിയില്‍ ആവശ്യക്കാര്‍ കുറയുമെന്നതിനാലാണ് ഉല്‍പ്പാദനത്തിലും കുറവു വരുത്തുന്നതെന്നാണ് കമ്പനി പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഹീറോയുടെ ഈ നടപടിയെ വാഹന ലോകം ആകാംക്ഷയോടെയും സംശയത്തോടെയുമാണ് ഉറ്റുനോക്കുന്നത്. 

ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്‍ലാന്‍ഡിന്‍റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്‍റ് ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു. വര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഈ പ്ലാന്‍റ് ജൂണിലും ഒരാഴ്‍ച അടച്ചിട്ടിരുന്നു.

ജൂലൈയില്‍ ഇരുചക്ര വാഹന വിപണിയില്‍ മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു. 

പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയത്. ഇതേ തുടര്‍ന്ന് മെയ് - ജൂലൈ കാലയളവില്‍ മാത്രം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്‍ടമായത്.