ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കാണ് എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടര്‍സൈക്കിളായ സ്‌പ്ലെന്‍ഡര്‍ പ്ലസ്. വാഹനത്തിന്റെ വിലയില്‍ നേരിയ വര്‍ദ്ധനവ് വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. 150 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ബൈക്കിന്റെ വില അല്‍പ്പാല്‍പ്പമായി കൂട്ടുന്നത്. നേരത്തെ മെയ് മാസത്തിലായിരുന്നു 750 രൂപയുടെ വര്‍ധവ് വരുത്തുന്നത്. 

മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മൂന്ന് വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇതോടെ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ പ്രാരംഭ പതിപ്പായ കിക്ക് സ്റ്റാര്‍ട്ട് സ്വന്തമാക്കാന്‍ എക്സ ഷോറൂം വിലയായി 60,600 രൂപ മുടക്കണം. സെല്‍ഫ് സ്റ്റാര്‍ട്ട് മോഡലിന് 62,800 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് i3S മോഡലിന് 64,010 രൂപയും എക്‌സ്‌ഷോറൂം വില വരും. 

ഹീറോയുടെ എക്സ്സെന്‍സ് ടെക്നോളജി ഉപയോഗിച്ച് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഉപയോഗിക്കുന്ന പുത്തന്‍ ബിഎസ്6 എഞ്ചിനാണ് ബൈക്കിന്‍റെ ഹൃദയം. 8,000 rpm -ല്‍ 7.91 bhp കരുത്തും 6,000 rpm -ല്‍ 8.05 Nm ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്ററാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.