കൊച്ചി: സ്‌പെയിനിലെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ റെപ്‌സോള്‍ ലൂബ്രിക്കന്റ്‌സുമായുളള പങ്കാളിത്തം പ്രഖ്യാപിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ഹോണ്ടയുടെ മോട്ടോര്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും പുതിയ എന്‍ജിന്‍ ഓയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഹോണ്ട റെപ്‌സോള്‍ മോട്ടോ എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ എന്‍ജിന്‍ ഓയില്‍ ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങക്ക് മാത്രമായി പ്രത്യേകം രൂപകല്‍പന ചെയ്‍തവയാണ്. ജപ്പാനിലെ ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് പരീക്ഷിക്കുകയും ശുപാര്‍ശയും ചെയ്‍തതാണ് ഇതെന്നും കമ്പനി പറയുന്നു. ദീര്‍ഘകാല എന്‍ജിന്‍ ലൈഫ് പരിരക്ഷ, കുറഞ്ഞ അറ്റകുറ്റപ്പണികള്‍ക്കൊപ്പം കൂടുതല്‍ ഇന്ധനക്ഷമത എന്നിവ  ഹോണ്ട റെപ്‌സോള്‍ മോട്ടോ ബൈക്കര്‍, മോട്ടോ സ്‌കൂട്ടര്‍ എഞ്ചിന്‍ ഓയിലുകള്‍ വാഗ്ദാനം ചെയ്യുന്നു. രണ്ട് എക്‌സ്‌ക്ലൂസീവ് ഗ്രേഡുകളിലാണ് കോ-ബ്രാന്‍ഡഡ് എഞ്ചിന്‍ ഓയില്‍ എത്തുന്നത്. ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ക്കുള്ള ഹോണ്ട റെപ്‌സോള്‍ മോട്ടോ ബൈക്കര്‍ 10ഡബ്ല്യു30 എംഎയും, ഹോണ്ടയുടെ സ്‌കൂട്ടറുകള്‍ക്കുള്ള ഹോണ്ട റെപ്‌സോള്‍ മോട്ടോ സ്‌കൂട്ടര്‍ 10ഡബ്ല്യു30 എംബിയുമാണ്.

800 മി.ലി, 900 മി.ലി, 1000 മി.ലി പായ്ക്കുകളിലാണ് രണ്ട് എന്‍ജിന്‍ ഓയില്‍ വേരിയന്റുകളും എത്തുന്നത്. ഹോണ്ട ടുവീലേഴ്‌സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉപഭോക്തൃ സംതൃപ്‍തി പ്രധാനമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കസ്റ്റമര്‍ സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പാണ്ഡെ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് റെപ്‌സോള്‍ ലൂബ്രിക്കന്റ്‌സുമായി ഹോണ്ട കൈകോര്‍ക്കുന്നതെന്നും ഉപയോക്താക്കള്‍ക്ക് എല്ലാ ജിപി പെട്രോളിയം ഔട്ട്‌ലെറ്റുകളിലും എന്‍ജിന്‍ ഓയില്‍ ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

26 വര്‍ഷമായി റെപ്‌സോളും ഹോണ്ടയും, റെപ്‌സോള്‍ ഹോണ്ട മോട്ടോ ജിപി ടീമില്‍ പങ്കാളികളാണെന്നും കോ-ബ്രാന്‍ഡഡ് ലൂബ്രിക്കന്റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഈ സഖ്യം ശക്തിപ്പെടുത്തുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും റെപ്‌സോള്‍ ലൂബ്രിക്കന്റ്‌സ് ഡയറക്ടര്‍ ക്ലാര വെലാസ്‌കോ പറഞ്ഞു.