ആക്ടിവ 6 ജി സ്‍കൂട്ടറുകളുടെ വില വീണ്ടും കൂട്ടി ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. 2020 ജനുവരിയിൽ ആണ് കമ്പനി ആക്ടിവ 6ജിയെ വിപണിയിലെത്തിച്ചത്. സ്റ്റാൻഡേർഡ് മോഡലിന് Rs 63,912-യും ഡീലക്‌സ് മോഡലിന് Rs 65,412 രൂപയും ആയിരുന്നു ആദ്യം എക്‌സ്-ഷോറൂം വില.

പിന്നീട് ഏപ്രിലിൽ Rs 552 രൂപ ഹോണ്ട വർദ്ധിപ്പിച്ചിരുന്നു. നാല് മാസങ്ങൾക്ക് ശേഷം ആക്ടിവ 6ജിയുടെ വില ഹോണ്ട വീണ്ടും കൂട്ടിയിരിക്കുകയാണ്. ഇത്തവണ Rs 955 രൂപയാണ് ഹോണ്ട വർദ്ധിപ്പിച്ചത്. ഇപ്പോൾ സ്റ്റാൻഡേർഡ് മോഡലിന് Rs 65,419 രൂപയും ഡീലക്‌സ് മോഡലിന് Rs 66,919 രൂപയും ആണ് എക്‌സ്-ഷോറൂം വില. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിൻ, കൂടുതൽ ഫീച്ചറുകൾ എന്നിവ ചേർത്താണ് ആക്ടിവ 6ജിയെ ഹോണ്ട വിൽപനക്കെത്തിച്ചത്.

നിരവധി പരിഷ്‍കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്. മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്‍ത ഏപ്രണ്‍, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവ സ്റ്റൈലിംഗ് മാറ്റങ്ങളാണ്. പിറകിലും മാറ്റങ്ങള്‍ വരുത്തി. അര്‍ധ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പാസ് ലൈറ്റ് സ്വിച്ച് എന്നിവ പുതിയ ഫീച്ചറുകളാണ്. നീളമേറിയ സീറ്റ്, അധിക വീല്‍ബേസ്, ഫ്‌ളോറില്‍ കൂടുതല്‍ സ്ഥലസൗകര്യം എന്നിവ ലഭിച്ചു. 

ബിഎസ് 6 ആക്റ്റിവ 6ജി സ്‌കൂട്ടറിലും ‘സൈലന്റ് സ്റ്റാര്‍ട്ട്’ സംവിധാനം നല്‍കിയിട്ടുണ്ട്. മുന്നില്‍ 10 ഇഞ്ച് വ്യാസമുള്ള ചക്രമാണ് ആക്റ്റിവ 5ജി ഉപയോഗിച്ചിരുന്നതെങ്കില്‍ ആക്റ്റിവ 6ജി സ്‌കൂട്ടറില്‍ 12 ഇഞ്ച് ചക്രം നല്‍കി. മുന്നില്‍ പുതുതായി ടെലിസ്‌കോപിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആക്റ്റിവ 125 സ്‌കൂട്ടറിലേതുപോലെ പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം ആക്റ്റിവ 6ജി സ്‌കൂട്ടറിലും കാണാം. മള്‍ട്ടി ഫംഗ്ഷന്‍ കീ ഉപയോഗിച്ച് കീഹോളിനു സമീപത്തെ സ്വിച്ച് വഴി ഫ്യൂവല്‍ ഫില്ലിംഗ് ക്യാപ് തുറക്കാന്‍ കഴിയും.

ബിഎസ് 6 പാലിക്കുന്നതോടെ സിംഗിള്‍ സിലിണ്ടര്‍ മോട്ടോറിന്റെ ഡിസ്‌പ്ലേസ്‌മെന്റ് മാറി. 109.51 ക്യൂബിക് സെന്റിമീറ്ററാണ് ഇപ്പോള്‍. ബിഎസ് 4 എന്‍ജിന്‍ 109.19 സിസി ആയിരുന്നു. ബിഎസ് 4 സ്‌കൂട്ടറില്‍ കാര്‍ബുറേറ്ററാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. ബിഎസ് 6 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് അല്‍പ്പം വര്‍ധിച്ചെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത് അല്‍പ്പം കുറയുകയാണ് ചെയ്തത്. നേരത്തെ 7,500 ആര്‍പിഎമ്മില്‍ 7.96 എച്ച്പി ആയിരുന്നു. ഇപ്പോള്‍ 8,000 ആര്‍പിഎമ്മില്‍ 7.79 എച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. 5,250 ആര്‍പിഎമ്മില്‍ 8.79 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്നു. എന്‍ജിനകത്തെ ഘര്‍ഷണം കുറയ്ക്കുന്നതിന് ഹോണ്ടയുടെ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) സാങ്കേതികവിദ്യ നല്‍കി. ആക്റ്റിവ 5ജി മോഡലിനേക്കാള്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമത നല്‍കുന്നതാണ് ആക്റ്റിവ 6ജി സ്‌കൂട്ടറെന്നാണ് ഹോണ്ട പറയുന്നത്. 

ഗ്ലിറ്റര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസല്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രിഷിയസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ ആറ് നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്.