Asianet News MalayalamAsianet News Malayalam

അല്ലെങ്കിലേ ജനപ്രിയ, ഇപ്പോഴിതാ മറ്റൊരു പേരും!

ബിഎസ് 6 നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ഇരുചക്ര വാഹനം ഹോണ്ട ആക്ടീവ എന്ന് റിപ്പോര്‍ട്ടുകള്‍

Honda Activa BS-VI To Be Launched On 12th June?
Author
Mumbai, First Published Jun 2, 2019, 2:59 PM IST

മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡമായ ബിഎസ് 6 (ഭാരത് സ്‌റ്റേജ് 6) ലേക്ക് മാറാനൊരുങ്ങുകയാണ് രാജ്യം. ഈ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ ഇരുചക്ര വാഹനം ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയാവും പുറത്തിറക്കുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ഹോണ്ടയുടെ ജനപ്രിയ മോഡല്‍ ആക്ടീവയുടെ പുതിയ വകഭേദമായ ആക്ടീവ 6 ജി മോഡലാണ് ബിഎസ് 6 എന്‍ജിനിലെത്തുകയെന്നാണ് സൂചന. പുതിയ പ്ലാറ്റ്‌ഫോമിലായിരിക്കും ആക്ടീവ 6 ജി വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണ ഓട്ടത്തിലാണ് പുതിയ ആക്ടീവ 6 ജി.

ജൂണ്‍ 12-ന് പുതിയ ബിഎസ് 6 മോഡല്‍ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പുതിയ മോഡലാണോ അതോ നിലവിലുള്ള മോഡലിന്റെ പരിഷ്‌കൃത പതിപ്പാണോ ബിഎസ് 6-ല്‍ എത്തുകയെന്ന കാര്യം വ്യക്തമല്ല. 2001-ലാണ് ആദ്യ ആക്ടീവ വിപണിയിലെത്തുന്നത്.

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. 

ബിഎസ് 4 വാഹനങ്ങളാണ് ഇപ്പോള്‍ നിരത്തില്‍. ബി എസ് - 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ ബഹിർഗമനമേ ബി എസ് - 4 ചട്ടങ്ങൾ അനുവദിക്കുന്നുള്ളൂ. 2020 മാര്‍ച്ച് 31 ശേഷം ഇവയും നിരത്തൊഴിയും. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ബി എസ് 6 നിലവാരത്തിലുള്ളവയായിരിക്കണമെന്ന് 2018 ഒക്ടോബറിലാണ് സുപ്രീം കോടതി വാഹനനിര്‍മ്മാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.  മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ണായക തീരുമാനം. ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കും. 

Follow Us:
Download App:
  • android
  • ios