തങ്ങളുടെ മോട്ടോർ സൈക്കിളുകൾക്ക് ഒരു പുതിയ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് നല്‍കാനുള്ള ഒരുക്കത്തില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

തങ്ങളുടെ മോട്ടോർ സൈക്കിളുകൾക്ക് ഒരു പുതിയ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് നല്‍കാനുള്ള ഒരുക്കത്തില്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പുതിയ പേറ്റന്റ് ആപ്ലിക്കേഷൻ നൽകാനാണ് കമ്പനിയുടെ നീക്കം. 

നിലവിലെ ഡിസിടി സാങ്കേതികവിദ്യയിൽ നിന്നും അല്ലെങ്കിൽ 1970 കളിൽ നിന്നുള്ള ഹോണ്ടമാറ്റിക് ട്രാൻസ്മിഷനിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സംവിധാനമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സമഗ്ര ഡ്യുവൽ ക്ലച്ച് സജ്ജീകരണമാണ് ഡിസിടി. അതേസമയം പഴയ ഹോണ്ടമാറ്റിക് സിസ്റ്റം ഒരു ടോർഖ് കൺവെർട്ടറും ടു സ്പീഡ് ഗിയർബോക്‌സും ആണ് ഉപയോഗിച്ചിരുന്നത്. 

പുതിയ ഗിയർ‌ബോക്സ് സാങ്കേതികവിദ്യ ഒരു പരമ്പരാഗത ആറ് സ്പീഡ് ട്രാൻസ്മിഷൻ ജോഡിയാക്കുന്നു. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും കമ്പ്യൂട്ടർ നിയന്ത്രിത സിസ്റ്റവും ഉപയോഗിച്ച് നിർത്തുമ്പോൾ ക്ലച്ച് ഒഴിവാക്കുകയും പ്രവർത്തനരഹിതമാക്കുകയും ചെയ്യുന്നു. ഗിയറുകൾ‌ മാറ്റുന്നതിന് ഒരു പരമ്പരാഗത കാൽ‌ ലിവർ‌ ഉണ്ട് എങ്കിലും വാഹനത്തിന് ക്ലച്ച് ലിവർ‌ ഇല്ല. ഒരു സാധാരണ മോട്ടോർ സൈക്കിളിൽ മുകളിലേക്കും താഴേക്കുമുള്ള ഗിയർ മാറുന്നതുപോലെയാണെങ്കിലും കുറഞ്ഞ വേഗതയിൽ നഗര സാഹചര്യങ്ങളിൽ ക്ലച്ച് കൈകാര്യം ചെയ്യുന്നതിനുള്ള മടുപ്പ് ഇനി ഉണ്ടാവില്ല. നിലവിൽ ഹോണ്ട CB1100nൽ ആണ് കമ്പനി പേറ്റന്റിന് അപേക്ഷ നൽകിയതെങ്കിലും ഭാവിയിൽ കൂടുതൽ മോഡലുകളിൽ ഇത് വാഗ്ദാനം ചെയ്‌തേക്കും.

നിലവില്‍ ഹോണ്ട ആഫ്രിക്ക ട്വിൻ, ഗോൾഡ് വിംഗ് എന്നിവയിലെ ഏറ്റവും പുതിയ ഡിസിടി യൂണിറ്റുകള്‍ എന്നിവ ഉൾപ്പെടെ ഏറ്റവും മികച്ച ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ വാഗ്‌ദാനം ചെയ്യുന്ന ബ്രാൻഡുകളിൽ മുൻനിരയിലാണ് ഹോണ്ട.