ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ചില മോഡലുകള്‍ ഇന്ത്യന്‍ നിരത്തൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ഹോണ്ട ഗ്രാസിയ, ഏവിയേറ്റര്‍ എന്നീ ബൈക്കുകളുടെ വിവരം ഹോണ്ടയുടെ വെബൈസൈറ്റില്‍ നിന്ന് നീക്കം ചെയ്‍തതോടെയാണ് ഈ സംശയം ബലപ്പെട്ടിരിക്കുന്നത്.

ഡിയോ, ആക്ടീവ 6ജി, ആക്ടീവ 125 എന്നീ മൂന്ന് സ്‌കൂട്ടറുകളുടെ വിവരം മാത്രമാണ് ഇപ്പോള്‍ ഹോണ്ടയുടെ വെബ്‌സൈറ്റിലുള്ളത്. 2017-ലാണ് ഗ്രാസിയ ഇന്ത്യയില്‍ എത്തുന്നത്.  എന്നാല്‍ ഇന്ത്യന്‍ നിരത്തുകളില്‍ എട്ടു വര്‍ഷത്തോളം പഴക്കമുള്ള മോഡലാണ് ഏവിയേറ്റര്‍.

ഒന്നുകില്‍ ഈ മോഡലുകള്‍ ഉത്പാദനം അവസാനിപ്പിച്ചു, അല്ലെങ്കില്‍ ബിഎസ്6-ലേക്ക് മാറുന്നതിന് മുന്നോടിയായി വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. എന്നിങ്ങനെയാണ് ഇക്കാര്യത്തിലെ വിലയിരുത്തലുകള്‍.

2012-ല്‍ ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങിയ സ്‌കൂട്ടറാണ് ഏവിയേറ്റര്‍. 109 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ സ്‌കൂട്ടര്‍ 8 ബിഎച്ച്പി പവറും 8.94 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിവിടി ട്രാന്‍സ്മിഷനിലുള്ള ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്.

ആക്​ടീവക്ക്​ മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്​ഷിപ്പ്​ സ്​കൂട്ടറാണ്​ ഗ്രാസിയ. നഗരങ്ങ​ളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ്​ ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്​.  അഗ്രസീവ് ഡിസൈനാണ് ഗ്രാസിയയുടെ മുഖമുദ്ര. ആക്ടീവ 125-ല്‍ നല്‍കിയിരുന്ന ബിഎസ്-4 നിലവാരത്തിലുള്ള 124.9 സിസി എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഗ്രാസിയയ്ക്ക് കരുത്തേകുന്നത്. ഇത് 8.52 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനും എന്‍ജിന്‍ ഫ്രിക്ഷന്‍ കുറയ്ക്കുന്നതിനും ഹോണ്ട ഇക്കോ ടെക്‌നോളജിയും ഇതിലുണ്ടായിരുന്നു.

അതേസമയം ഗ്രാസിയ ബിഎസ്-6 എന്‍ജിനില്‍ ഉടന്‍ മടങ്ങിയെത്തുമെന്നും ഏവിയേറ്ററിന്റെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.