സാങ്കേതിക തകരാര്‍ നിമിത്തം 6.08 ലക്ഷം കാറുകളെ തിരിച്ചുവിളിക്കാന്‍ ജാപ്പനീസ്​ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  അമേരിക്കയില്‍ ഉള്‍പ്പെടെ കമ്പനി നിർമിച്ചു വിപണിയില്‍ എത്തിച്ച ചില എസ്​യുവികളെയും സെഡാനുകളുമാണ്​ തിരികെവിളിച്ച് പരിശോധിക്കുന്നത്. ഈ മോഡലുകളുടെ ഇൻഫോടെയിൻമെൻറ്​ സിസ്റ്റത്തില്‍ സോഫ്റ്റ്​വയർ പ്രശ്​നങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

2018-2020 ഒഡേസി, 2019-2020 പാസ്​പോർട്ട്​, 2019-2021 പൈലറ്റ്​ എന്നീ കാറുകളിലും​ ഇൻ-കാർ ഡിജിറ്റൽ സിസ്റ്റങ്ങളിലും വിവിധ പ്രശ്​നങ്ങൾ കണ്ടെത്തിയിട്ടുണ്ട്​​. കാർ റിവേഴ്​സ്​ എടുക്കു​മ്പോൾ പുറകിലുള്ള ദൃശ്യങ്ങൾ ഡിസ്​പ്ലേയിൽ തെളിയാത്തതും സ്​പീഡ്​, ഗിയർ പൊസിഷൻ, എൻജിൻ ഓയിൽ പ്രഷർ, ഫ്യുവൽ ഗോജ്​ എന്നിവ ഇൻസ്​ട്രുമെ​ന്‍റേഷൻ ഡിസ്​പ്ലേയിൽ കൃത്യമായി കാണിക്കാത്തതുമാണ്​ പ്രധാന പ്രശ്​നങ്ങൾ. 

ഡിജിറ്റൽ സംവിധാനം പ്രവർത്തിച്ചുകൊണ്ടിരിക്കു​മ്പോൾ ഇടയ്‍ക്കിടെ റീബൂട്ടാവുന്നതും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. പഴയതുപോലെ വിവരങ്ങൾ ദൃശ്യമാകാൻ മുഴുവൻ സിസ്റ്റവും ഓഫ്​ ചെയ്​തതിന്​ ശേഷം വീണ്ടും ഓൺ ചെയ്യേണ്ടതായും വരുന്നു​. കൂടാതെ ഓഡിയോ സംവിധാനത്തിലും ബഗ്ഗുകൾ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.