ജനപ്രിയ ബൈക്ക് യൂണിക്കോണിന്‍റെ വില വര്‍ദ്ധിപ്പിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. സിംഗിൾ വേരിയന്റിൽ ലഭ്യമാകുന്ന 160 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് 955 രൂപയാണ് ഉയർത്തിയത്.

നേരത്തെ 93,593 രൂപയായിരുന്നു ഹോണ്ട യൂണികോണിനായി മുടക്കേണ്ടിയിരുന്നത്. എന്നാൽ ഇനി മുതൽ ബൈക്കിനായി 94,548 രൂപ എക്സ്ഷോറൂം വിലയായി നൽകണം. വില പരിഷ്ക്കരണത്തിന് പുറമെ ബൈക്കിൽ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും ഹോണ്ട അവതരിപ്പിക്കുന്നില്ല.

ബിഎസ്6 നിലവാരത്തിലുള്ള 162.7 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് യൂണികോണിന് കരുത്തേകുന്നത്. ബിഎസ് 4 എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 14 എച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.

ഹോണ്ട ഇക്കോ ടെക്നോളജി, ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ എന്നിവ കൂടിച്ചേർന്ന പുതിയ 162.7 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ 7500 അർപിഎമ്മിൽ 12.73 ബിഎച്പി പവർ ആണ് നിർമ്മിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 150 സിസി എഞ്ചിന്റെയും പവർ ഔട്ട്പുട്ട് 12.73 ബിഎച്പി തന്നെയായിരുന്നു. എന്നാൽ ടോർക്ക് 14 എൻഎം ആയി ഉയര്‍ന്നു. കൂടുതൽ ലോ ഏൻഡ് ടോർക്കും മികച്ച ഇന്ധനക്ഷമതയ്ക്കുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് പുതിയ എൻജിൻ എന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോർസൈക്കിൾ ലഭ്യമാണ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻ മോണോ-ഷോക്കും അടങ്ങുന്നതാണ് സസ്‌പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്.

മുൻവശത്ത് ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം യൂണിറ്റുമാണ് ഹോണ്ട യൂണിക്കോണിന്‍റെ ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസും സുരക്ഷ ഒരുക്കുന്നു.

പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ്.