Asianet News MalayalamAsianet News Malayalam

നമ്പര്‍ പ്ലേറ്റില്ലാത്ത വണ്ടിയുമായി ഷോറൂമില്‍ നിന്നിറങ്ങിയാല്‍ ഇനി കീശ കീറും!

വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായിരിക്കും പിഴ

HSRP Number Plate For New Vehicles
Author
Trivandrum, First Published Apr 15, 2021, 10:53 AM IST

പുതിയ വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ ഇറങ്ങി. രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഇതോടെ ഒഴിവാകും. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരമാണ് മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഇന്നുമുതല്‍ ഷോറൂമിൽ നിന്നു തന്നെ പുതിയ വാഹനങ്ങൾക്ക് നമ്പർ പ്ലേറ്റ് ലഭിക്കും. അതിസുരക്ഷാ നമ്പർ പ്ലേറ്റാകും ഘടിപ്പിക്കുക. നിരത്തുകളില്‍ നിന്നും 'ഫോർ രജിസ്‌ട്രേഷൻ' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങൾ ഇതോടെ  അപ്രത്യക്ഷമാകും.

നമ്പർ പ്ലേറ്റില്ലാതെ വാഹനങ്ങൾ വിട്ടുകൊടുത്താൽ ഡീലർക്ക് പിഴ ചുമത്തും. വാഹനത്തിന്റെ 10 വര്‍ഷത്തെ റോഡ് നികുതിക്കു തുല്യമായ തുകയാണ് പിഴ. ഷോറൂമുകളില്‍നിന്ന് ഓണ്‍ലൈനായാണ് സ്ഥിര രജിസ്ട്രേഷനുള്ള അപേക്ഷകള്‍ നല്‍കേണ്ടത്. 

റോഡ് നികുതി, രജിസ്ട്രേഷന്‍ ഫീസ് എന്നിവ അടച്ചശേഷം ഇന്‍ഷുറന്‍സ് എടുക്കണം. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ താത്പര്യപത്രം അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകളില്‍ ഉടന്‍ സ്ഥിര രജിസ്ട്രേഷന്‍ അനുവദിക്കും. വൈകീട്ട് നാലിനു മുമ്പ് വരുന്ന അപേക്ഷകളില്‍ അന്നുതന്നെ നമ്പര്‍ അനുവദിക്കണം.
രജിസ്ട്രേഷന്‍ നമ്പര്‍ അപ്പോള്‍ത്തന്നെ ഡീലര്‍ക്ക് അറിയാനാകും. ഇതുപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കി വാഹനത്തില്‍ ഘടിപ്പിക്കണം. ഇതിനുശേഷമേ വാഹനം ഉടമയ്ക്കു കൈമാറാവൂ.

സ്ഥിരം രജിസ്‌ട്രേഷനുവേണ്ടിയുള്ള അപേക്ഷകൾ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലർമാർ പരിവാഹൻ വഴി അപ്രൂവ് ചെയ്യാൻ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകൾ രജിസ്‌ട്രേഷനു വേണ്ടി മനഃപൂർവം അപേക്ഷിച്ചാൽ ആ വാഹനത്തിന്റെ 10 വർഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറിൽനിന്ന് ഈടാക്കും. ഡീലർ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങൾ ഉടൻ ബന്ധപ്പെട്ട അസി. മോേട്ടാർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിക്കും.

ഓരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി അതത് ദിവസം തന്നെ നമ്പർ അനുവദിക്കണം. പരിശോധനയിൽ എന്തെങ്കിലും കുറവുകൾ കണ്ടെത്തിയാൽ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകൾ മാറ്റിവെക്കാവൂവെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ഫാൻസി നമ്പറിന് അേപക്ഷയോടൊപ്പം താൽപര്യപത്രം നൽകണം. ഈ വിവരം ഡീലർ സോഫ്‌റ്റ്വെയറിൽ ഉൾപ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങൾക്ക് താൽക്കാലിക രജിസ്‌ട്രേഷൻ അനുവദിക്കും. ഫാൻസി നമ്പർ ലഭിക്കുകയും അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങൾ ഉടമക്ക് നൽകൂ.

നമ്പര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. ഇളക്കിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത ഹുക്ക് ഉപയോഗിച്ചാവും പുതിയ നമ്പര്‍ പ്ലേറ്റ് ഉറപ്പിക്കുക. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഒരു ഹോളോഗ്രാം ഈ നമ്പര്‍ പ്ലേറ്റിലുണ്ടാവും. ഇത് മുന്നിലും പുറകിലുമുള്ള നമ്പര്‍ പ്ലേറ്റുകളിലുണ്ടാവും.  

വാഹനമേഖലയിലെ വിപ്ലവകരമായ മാറ്റമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന കാലങ്ങളായുള്ള നടപടിക്രമങ്ങള്‍ ഇതോടെ ഇല്ലാതെയാകും. നിലവിലെ രീതി അനുസരിച്ച് രജിസ്ട്രേഷനു മുന്നോടിയായി പുതിയ വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കണം. എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖകളുമായി ഒത്തുനോക്കാനായിരുന്നു ഈ പരിശോധന. 

എന്നാല്‍ 'വാഹന്‍' സോഫ്റ്റ് വേര്‍ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ സംവിധാനത്തിലേക്കു രാജ്യം നീങ്ങിയതോടെ ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്നാണു കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. മുമ്പ് വാഹനത്തിന്റെ വിവരങ്ങള്‍ മുമ്പ് ഷോറൂമുകളില്‍നിന്നായിരുന്നു ഉള്‍ക്കൊള്ളിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ തന്നെയാണ് വാഹന്‍ സോഫ്റ്റ് വേറില്‍  വിവരങ്ങള്‍ നല്‍കുന്നത്.  അതായത് കമ്പനിയുടെ പ്ലാന്റില്‍നിന്നും ഒരു വാഹനം പുറത്തിറക്കുമ്പോള്‍തന്നെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ 'വാഹന്‍' പോര്‍ട്ടലില്‍ എത്തിയിരിക്കും. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ നിര്‍മാണത്തീയ്യതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. 

എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിർമിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതു പോലെ പോലെ ആര്‍ടി ഓഫീസില്‍ എത്തേണ്ടിവരും. ഇവയുടെ രജിസ്ട്രേഷന് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാലാണിത്. ഷാസിക്കുമാത്രമാണ് താത്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആർടി ഓഫിസിൽ കൊണ്ടുവരണം. വ്യവസ്ഥകള്‍ പാലിച്ചാണോ ബോഡി നിര്‍മിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന. 

Follow Us:
Download App:
  • android
  • ios