ഒറ്റ ചാർജിൽ 3,000 കിലോമീറ്റർ വരെ ഓടാൻ കഴിവുള്ളതും വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്നതുമായ ഒരു പുതിയ ഇവി ബാറ്ററി സാങ്കേതികവിദ്യ വാവെയ് പുറത്തിറക്കി.
ഒറ്റ ചാർജിൽ 3,000 കിലോമീറ്റർ വരെ ഓടാൻ കഴിവുള്ളതും വെറും അഞ്ച് മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്നതുമായ ഒരു പുതിയ ഇവി ബാറ്ററി സാങ്കേതികവിദ്യ പുറത്തിറക്കി ചൈനീസ് ടെക് ഭീമനായ വാവെയ്. നൂതന സോളിഡ്-സ്റ്റേറ്റ് ബാറ്ററി രൂപകൽപ്പനയെയും വേഗത്തിലുള്ള ചാർജിംഗിനുമുള്ള ഈ സാങ്കേതികവിദ്യയുടെ പേറ്റന്‍റ് കമ്പനി ഫയൽ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
നൈട്രജൻ-ഡോപ്പിംഗ് സൾഫൈഡ് ഇലക്ട്രോഡുകൾ ഉപയോഗിച്ചാണ് വാവേയുടെ ബാറ്ററി പ്രവർത്തിക്കുന്നത്. ഇത് കാലക്രമേണ ബാറ്ററി പ്രകടനത്തിലെ അപചയം കുറയ്ക്കും. ഈ ബാറ്ററിയുടെ ഊർജ്ജ സാന്ദ്രത 400 മുതൽ 500 Wh/kg വരെയാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് നിലവിലുള്ള ലിഥിയം-അയൺ ബാറ്ററികളേക്കാൾ മൂന്നിരട്ടി കൂടുതലാണ്. ഈ ഊർജ്ജ സാന്ദ്രതയോടെ, ഒരു ഇടത്തരം ഇലക്ട്രിക് കാറിന് ഫുൾ ചാർജ്ജിൽ 3,000 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. മാത്രമല്ല, ഈ ബാറ്ററി ചാർജ് ചെയ്താൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം ചാർജ് ചെയ്യാൻ വെറും അഞ്ച് മിനിറ്റ് മാത്രമേ എടുക്കൂ എന്നും കമ്പനി അവകാശപ്പെടുന്നു.
3000 കിലോമീറ്റർ എന്ന കണക്ക് സിഎൽടിസി (ചൈന ലൈറ്റ്-ഡ്യൂട്ടി വെഹിക്കിൾ ടെസ്റ്റ് സൈക്കിൾ) അടിസ്ഥാനമാക്കിയുള്ളതാണ്. ഇപിഎ (പരിസ്ഥിതി സംരക്ഷണ ഏജൻസി) സൈക്കിളുമായി ക്രമീകരിക്കുമ്പോൾ, ഏകദേശം 2000 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. എങ്കിലും ഇപ്പോഴും മിക്ക ഇവികളും വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വളരെ മുന്നിലാണ് ഈ കണക്കുകൾ.
അതേസമയം ഒരു കാറിന്റെ ഡ്രൈവിംഗ് റേഞ്ച് ഇത്രയധികം വർദ്ധിപ്പിക്കാൻ ഈ സാങ്കേതികവിദ്യ മാത്രം പോരാ. അതിന് വളരെ വലുതും ഭാരമേറിയതുമായ ബാറ്ററി പായ്ക്കും ആവശ്യമാണ്. ഇത്രയും വലിയ ബാറ്ററി ഉണ്ടാക്കിയാൽ മാത്രം പോരാ, അത് കാറിൽ ഘടിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട ചെലവ് സന്തുലിതമാക്കുകയും ചെയ്യുക എന്നതും ഒരു വലിയ വെല്ലുവിളിയാണ്. വാവേയുടെ സാങ്കേതികവിദ്യ അതിന്റെ പരമാവധി ശേഷിയിൽ ഉപയോഗിച്ചാൽ, ബാറ്ററിക്ക് ഒരു ചെറിയ ഹാച്ച്ബാക്ക് കാറിന്റെ അത്രയും ഭാരം ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ ചെലവിനെയും കാര്യക്ഷമതയെയും ഇത് ബാധിച്ചേക്കാം. എന്തായാലും ഭാവിയിൽ ചെറുതും ഭാരം കുറഞ്ഞതുമായ ബാറ്ററി പായ്ക്കുകൾ നിർമ്മിക്കാൻ കമ്പനികൾക്ക് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കൂടുതൽ സഹായകരമായിരിക്കും. ഇത് ഭാവിയിൽ 800 മുതൽ 1000 കിലോമീറ്റർ വരെ ദൂരപരിധിയും നൽകിയേക്കും. അതേസമയം ഊർജ്ജ സംഭരണത്തിലെ അടുത്ത വലിയ കുതിച്ചുചാട്ടമായി സോളിഡ്-സ്റ്റേറ്റ് ബാറ്ററികളെ മുമ്പുതന്നെ വിദഗ്ധർ വിശേഷിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
