ദില്ലി: രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ പെട്രോള്‍, ഡീസല്‍ കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ചാര്‍ജ് 5,000 രൂപയും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 10,000 രൂപയും ആക്കാനാണ് നീക്കം. നിലവില്‍ 600 രൂപയാണ് ഇതിനുള്ള ഫീസ്. പുതിയ ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 1000 രൂപയാക്കാനും പഴയത് പുതുക്കാന്‍ 2000 രൂപയാക്കാനും കരട് വിജ്ഞാപനത്തില്‍ നിര്‍ദ്ദേശമുണ്ട്. നിലവില്‍ 50 രൂപയാണ് ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ്. 

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനുമാണ് സര്‍ക്കാരിന്‍റെ ഈ നടപടിയെന്നാണ് സൂചനകള്‍. 

കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസുകള്‍ ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. ടാക്‌സി വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 10,000 രൂപയും പുതുക്കാന്‍ 20,000 രൂപയും ഇനി നല്‍കേണ്ടി വരും. നിലവില്‍ ടാക്‌സി വാഹനങ്ങള്‍ക്ക് 1000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. മാത്രമല്ല ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫീസ് 2500ല്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. 

ഒപ്പം പഴയ വാഹനങ്ങള്‍ പൊളിച്ച സ്ക്രാപ്പിംഗ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ലെന്ന ശുപാര്‍ശയും ഗതാഗത മന്ത്രാലയത്തിന്‍റെ ഈ കരട് വിജ്ഞാനപനത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  കരട് വിജ്ഞാപനത്തിലെ പ്രതികരണം അറിഞ്ഞ ശേഷം അടുത്ത 40-45 ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ ഫീസ് ഘടന രൂപപ്പെടുത്താനാണ് നീക്കം.