ജൂൺ മാസത്തിൽ മാരുതി സുസുക്കി ബ്രസ വിൽപ്പനയിൽ മുന്നിൽ. ടാറ്റ നെക്സോണിനെയും പഞ്ചിനെയും മറികടന്നു. പഞ്ചിന്റെ വിൽപ്പനയിൽ വൻ ഇടിവ്.

എസ്‌യുവികൾക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. 2025 ജൂണിൽ മാരുതി സുസുക്കിയുടെ ജനപ്രിയ എസ്‍യുവി ബ്രസ വിൽപ്പനയുടെ കാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ എസ്‌യുവി ടാറ്റ മോട്ടോഴ്‌സിന്റെ നെക്‌സോണിനെയും പഞ്ചിനെയും ഉൾപ്പെടെ വിൽപ്പനയിൽ മറികടന്നു. ടാറ്റ പഞ്ചിന്‍റെ വിൽപ്പനയിൽ സംഭവിച്ച അതിശയിപ്പിക്കുന്ന ഒരു കാര്യവും വിൽപ്പന കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ജൂണിൽ എത്ര പേർ ബ്രസ സ്വന്തമാക്കിയെന്നും നെക്സോണിന്‍റെയും പഞ്ചിന്‍റെയുമൊക്കെ വിൽപ്പനയുടെ കണക്കുകളും പരശോധിക്കാം.

മാരുതി സുസുക്കിയുടെ ജനപ്രിയ എസ്‌യുവിയായ ബ്രെസ പ്രതിവ‍ർഷം 10.14 ശതമാനം വളർച്ച കൈവരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഈ കാറിന്റെ 13172 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു, എന്നാൽ ഈ വർഷം ജൂണിൽ 14507 വാഹനങ്ങൾ വിറ്റഴിച്ചു. ഡൽഹിയിൽ മാരുതി ബ്രെസയുടെ എക്സ്-ഷോറൂം വില 8.69 ലക്ഷം മുതൽ 13.98 ലക്ഷം വരെയാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്‌യുവിയായ നെക്‌സോൺ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ജൂണിൽ ഈ എസ്‌യുവിയുടെ 12066 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു. എന്നാൽ ഈ വർഷം ജൂണിൽ ടാറ്റ മോട്ടോഴ്‌സ് ഈ വാഹനത്തിന്റെ 11602 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി, അതായത് ഈ എസ്‌യുവിയുടെ വളർച്ച മുൻവർഷത്തെ അപേക്ഷിച്ച് 3.85 ശതമാനം കുറഞ്ഞു. ഈ കണക്കിൽ ഐസിഇ, ഇവി മോഡലുകളുടെ വിൽപ്പന ഡാറ്റയും ഉൾപ്പെടുന്നു. നെക്സോൺ ഐസിഇ മോഡലിന്റെ എക്സ്-ഷോറൂം വില 7.99 ലക്ഷത്തിൽ നിന്ന് ആരംഭിക്കുന്നു. അതേസമയം നെക്സോൺ ഇലക്ട്രിക് മോഡലിന്റെ എക്സ്-ഷോറൂം വില 12.49 ലക്ഷത്തിൽ നിന്ന് ആരംഭിക്കുന്നു.

ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചും ജനപ്രിയമാണ്. പക്ഷേ വിൽപ്പന ഡാറ്റകൾ അമ്പരപ്പിക്കും. പ്രതിവർഷം ഈ കാറിന്‍റെ വളർച്ച 42.72 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ഈ കാറിന്റെ 18238 യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടു, അതേസമയം ഈ വർഷം ജൂണിൽ 10446 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. ഈ വിൽപ്പന കണക്കിൽ ഐസിഇ, ഇവി എന്നിവയുടെ വിൽപ്പന ഡാറ്റയും ഉൾപ്പെടുന്നു. ഈ കാറിന്റെ എക്സ്-ഷോറൂം വില 6.13 ലക്ഷം രൂപയാണ്. ഇലക്ട്രിക് മോഡലിന്റെ എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപയിൽ നിന്നും ആരംഭിക്കുന്നു.