ഹൈദരലിയുടെ ഓട്ടോയിലെ ആദ്യ സവാരിക്കാരൻ, ആഗ്രഹം സഫലമായി! ഓട്ടോയും വാങ്ങി പ്രിയ നേതാവിന്‍റെ വീട്ടിലേക്ക്...
ഹൈദരലിയുടെ ആഗ്രഹം പോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുതിയ ഓട്ടോയിലെ ആദ്യ സവാരിക്കാരനായും മാറി

തിരുവനന്തപുരം: ഹൈദരലിയുടെ ആഗ്രഹം പോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുതിയ ഓട്ടോയിലെ ആദ്യ സവാരിക്കാരനായി. പുതിയ ഓട്ടോയിലെ ആദ്യ സവാരി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും കൊണ്ട് പോകണമെന്നായിരുന്നു തിരുവനന്തപുരം ചെറിയതുറ സ്വദേശി ഹൈദരലിയുടെ ആഗ്രഹം. ഓട്ടോയും വാങ്ങി തന്‍റെ കുട്ടികള്‍ക്കൊപ്പം ഹൈദരലി പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലെത്തി.
ഹൈദരലിയുടെ ആഗ്രഹം പോലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുതിയ ഓട്ടോയിലെ ആദ്യ സവാരിക്കാരനായും മാറി. നേരത്തെ, ഹൈദരലിയുടെ മകള്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നതിന്‍റെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. അതേസമയം, ഡോക്ടര്‍മാര്‍ വോയിസ് റെസ്റ്റ് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കുള്ള പ്രതിപക്ഷ നേതാവിന്‍റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരിക്കുകയാണ്.
ഇതിനിടെ കേരളം ഭരിക്കുന്നത് എന്‍ഡിഎ - എല്‍ഡിഎഫ് സഖ്യകക്ഷി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പറഞ്ഞിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് എല്‍ഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തതും വിചിത്രമാണ്.
ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്ഫോമില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വര്‍ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്‍പ്പെടെയുള്ള അഴിമതികളിലെ ഒത്തുതീര്‍പ്പും മോദിയോടുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സിപിഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.