Asianet News MalayalamAsianet News Malayalam

കൈപിടിച്ച് കുലുക്കേണ്ട, ലോഗോയിലെ കൈകളെ വേര്‍പിരിച്ച് ഹ്യുണ്ടായി!

രണ്ടുപേര്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന്റെ ആവിഷ്‌കരണമായിരുന്നു ഹ്യുണ്ടായിയുടെ നിലവിലെ ലോഗോ

Hyundai Also Tweaks Logo To Promote Social Distancing
Author
Mumbai, First Published Apr 11, 2020, 3:26 PM IST

കൊവിഡ് 19 വൈറസ് വ്യാപന ഭീതിയിലാണ് ലോകം. വൈറസ് വ്യാപനത്തിനെതിരെ ചെയ്യാവുന്ന ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലം പാലിക്കലാണ്. മറ്റുള്ള വ്യക്തികളുമായി കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിട്ടുണ്ട്. പല വാഹന കമ്പനികളും തങ്ങളുടെ ലോഗോയിലൂടെ ഈ സന്ദേശം പങ്കുവെച്ചിരിരുന്നു. ഏറ്റവുമൊടുവില്‍ ലോഗോ പരിഷ്‍കരിച്ച് സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് സന്ദേശവുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും.

ഇതിനായി നിലവിലെ ലോഗോയില്‍ അല്‍പ്പം മാറ്റി വരുത്തി പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. രണ്ടുപേര്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കുന്നതിന്റെ ആവിഷ്‌കരണമായിരുന്നു ഹ്യുണ്ടായിയുടെ നിലവിലെ ലോഗോ. ചെരിച്ചെഴുതിയ H ഇംഗ്ലീഷ് അക്ഷരവും ചുറ്റും ഓവല്‍ ആകൃതിയില്‍ ഒരു വട്ടവും. രണ്ട് വ്യക്തികള്‍ തമ്മില്‍ കൈകൊടുക്കുന്ന മറ്റൊരു പ്രതീകാത്മക ചിത്രം. എന്നാല്‍, ഷേയ്ക്ക് ഹാന്‍ഡ് ഒഴിവാക്കണമെന്ന കൊറോണ കാലത്തെ മുന്നറിയിപ്പ് മുന്‍നിര്‍ത്തിയാണ് ലോഗോയുടെ ഡിസൈനില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിനായി കൈ പിരിയുന്നതും, ശുചിത്വത്തിനായി കൈ കഴുകുന്നതുമാണ് ലോഗോയിലുള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഹാന്‍ഡ് ഷെയ്ക്കിന് പകരം എല്‍ബോ ഷെയ്ക്കിലാണ് ഡിസൈന്‍ ചെതിരിക്കുന്നത്. അതോടൊപ്പം തന്നെ കൈ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കഴുകുന്നതിന്റെ ആവശ്യകതയും കമ്പനി ലോഗോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

ഹ്യുണ്ടായി വേള്‍ഡ്‌വൈഡ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്.  ലോഗോയില്‍ രൂപമാറ്റം വരുത്തിയിരിക്കുന്നത് ബോധവത്കരണത്തിന് വേണ്ടി മാത്രമാണെന്നും ഹ്യുണ്ടായി പറയുന്നുണ്ട്. 

ഹ്യുണ്ടായി കെയര്‍, ഡിജിറ്റല്‍ ഷോറൂം, ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടങ്ങി കൊറോണക്കാലത്ത് പൊതുജനങ്ങളില്‍ സഹായമെത്തിക്കുന്നതിനും ബിസിനസ് കരുത്തുറ്റതാക്കുന്നതിനും നിരവധി നടപടികളാണ് ഹ്യുണ്ടായി സ്വീകരിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി ക്ലിക്ക് ടു ബൈ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധനാത്തിലൂടെ പുതുതലമുറ ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഒപ്പം ഇന്ത്യയില്‍ വൈറസ് പരിശോധന വേഗത്തിലാക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകളും ഹ്യുണ്ടായി എത്തിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നുമാണ് കമ്പനി ഇറക്കുമതി ചെയ്‍തത്.  ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.

ജർമ്മൻ കാർ നിർമാതാക്കളായ ഫോക്സ്‌ വാഗനും ഔഡിയും ബ്രാൻഡ് ലോഗോകളിൽ നേരത്തേ തന്നെ മാറ്റം വരുത്തിയിരുന്നു. ഫോക്സ്‌ വാഗന്റെ പ്രശസ്‌തമായ കൂട്ടിമുട്ടുന്ന ചുരുക്കെഴുത്താണ് മാറ്റിയത്. കൂടെ സാമൂഹിക അകലം കാത്തുസൂക്ഷിക്കുന്നതിന് നന്ദി എന്ന ഓർമപ്പെടുത്തലും. സഹോദര സ്ഥാപനമായ ഔഡി ലോഗോയിലെ കൈകോർത്തു നിൽക്കുന്ന നാല് വളയങ്ങളെയും വേർപ്പെടുത്തിയുള്ള ലോഗോയാണ് പുറത്തിറക്കിയത്. 

Follow Us:
Download App:
  • android
  • ios