ജിഎസ്‍ടി കുറച്ചതിനെത്തുടർന്ന് ഹ്യുണ്ടായി, കിയ കാറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചു. ഹ്യുണ്ടായി മോഡലുകൾക്ക് 2.40 ലക്ഷം രൂപ വരെയും കിയ മോഡലുകൾക്ക് 4.48 ലക്ഷം രൂപ വരെയും വില കുറയും. പുതുക്കിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ജിഎസ്‍ടി കുറച്ചതിനെത്തുടർന്ന് , പുതിയ നയത്തിന്റെ പൂർണ്ണമായ ആനുകൂല്യം ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയും കിയ ഇന്ത്യയും പ്രഖ്യാപിച്ചു. അതായത് ഹ്യുണ്ടായിയുടെയും കിയയുടെയും മുഴുവൻ ഐസിഇ ശ്രേണിക്കും യഥാക്രമം 2.40 ലക്ഷം രൂപയും 4.48 ലക്ഷം രൂപയും വരെ വൻ വിലക്കുറവ് ലഭിച്ചു. പുതുക്കിയ ജിഎസ്ടി നിരക്കുകൾ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
2025 ലെ ജിഎസ്‍ടി ഇളവിന് ശേഷമുള്ള ഹ്യുണ്ടായി കാറുകളുടെ വിലകൾ അറിയാം
ഹ്യുണ്ടായി നിയോസ്, ഐ20, ഐ20 എൻ ലൈൻ ഹാച്ച്ബാക്കുകൾക്ക് യഥാക്രമം 73,808 രൂപ, 98,053 രൂപ, 1,08,116 രൂപ എന്നിങ്ങനെ വിലക്കുറവ് രേഖപ്പെടുത്തിയതായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഓറ കോംപാക്റ്റ് സെഡാൻ, എക്സ്റ്റർ മൈക്രോ എസ്‌യുവി എന്നിവയുടെ വില യഥാക്രമം 78,465 രൂപയും 89,209 രൂപയും കുറച്ചു. വെന്യു, വെന്യു എൻ ലൈൻ എന്നിവയുടെ വില യഥാക്രമം 1,23,659 രൂപയും 1,19,390 രൂപയും കുറച്ചു.
ഹ്യുണ്ടായി വെർണയ്ക്ക് ഇപ്പോൾ 60,640 രൂപ വിലക്കുറവുണ്ട്. ഏറെ ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റയുടെയും ക്രെറ്റ എൻ ലൈനിന്റെയും വില യഥാക്രമം 72,145 രൂപയും 71,762 രൂപയും കുറച്ചു. പ്രീമിയം അൽകാസർ എസ്‌യുവിക്ക് 75,376 രൂപയും, ഫ്ലാഗ്ഷിപ്പ് ട്യൂസൺ എസ്‌യുവിക്ക് 2,40,303 രൂപയും കുറഞ്ഞിട്ടുണ്ട്.
2025 ലെ ജിഎസ്‍ടി ഇളവിന് ശേഷമുള്ള കിയ കാറുകളുടെ വിലകൾ
ജിഎസ്‍ടി പരിഷ്‍കരണത്തിന് ശേഷം കിയ കാർണിവലിന് 4,48,542 രൂപയുടെ വൻ വിലക്കുറവ് ഉണ്ടായി. പുതിയ കിയ സിറോസിന് 1,86,003 രൂപയും സോണറ്റ് സബ്കോംപാക്റ്റ് എസ്‌യുവിക്ക് ഇപ്പോൾ 1,64,471 രൂപയും വിലക്കുറവുണ്ട്. ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കിയ സെൽറ്റോസ് എസ്‌യുവിയുടെ വില 75,372 രൂപ വരെ കുറഞ്ഞു. കിയ കാരെൻസ്, കാരെൻസ് ക്ലാവിസ് എന്നിവയ്ക്ക് ഇപ്പോൾ യഥാക്രമം 48,513 രൂപയും 78,674 രൂപയും വിലക്കുറവുണ്ട്.
