ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെത്തുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മാത്രമേ പാടുള്ളൂ. അതുകൊണ്ടു തന്നെ ബിഎസ്-4 എന്‍ജിന്‍ മോഡലുകള്‍ക്ക് വാഹന നിര്‍മാതാക്കള്‍ വിലക്കുറവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  

തങ്ങളുടെ ബിഎസ് 4 വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി.

എന്‍ട്രി ലെവല്‍ മോഡലായ സാന്‍ട്രോക്ക് 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നല്‍കുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ഗ്രാന്റ് ഐ10-ന് 75,000 രൂപ വരെയും ഡീസല്‍ എന്‍ജിന്‍ ഗ്രാന്റ് ഐ10 നിയോസിന് 55,000 രൂപ വരെയുമാണ് ഹ്യുണ്ടായി നല്‍കുന്ന ഓഫര്‍. എന്നാല്‍, ഗ്രാന്റ് ഐ10 നിയോസിന്റെ പെട്രോള്‍ മോഡല്‍ ബിഎസ്-6 എന്‍ജിനിലാണ് എത്തിയിട്ടുള്ളത്. 

കോംപാക്ട് സെഡാനായ എക്‌സെന്റിന്റെ പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് 95,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. 

പ്രീമിയം വാഹനങ്ങളായ വെര്‍ണ, ക്രെറ്റ, ടൂസോണ്‍, എലാന്‍ട്ര തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഏറ്റവും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എസ്‌യുവി മോഡലായ ക്രെറ്റയുടെയും പ്രീമിയം സെഡാന്‍ വാഹനമായ വെര്‍ണയുടെയും പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് 95,000 രൂപ മുതല്‍ 1.15 ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എലാന്‍ട്ര, ടൂസോണ്‍ എന്നിവയ്ക്ക് 2.5 ലക്ഷം വരെയും ആനൂകൂല്യങ്ങള്‍ നല്‍കുന്നുണ്ട്.

വിവിധ പ്രദേശങ്ങളെയും ഡീലര്‍ഷിപ്പുകളെയും അടിസ്ഥാനമാക്കിയാണ് ഓഫറുകള്‍ ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.