ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം തികഞ്ഞിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്പനിക്ക് വൻവിജയമാണ് ഈ മോഡൽ നേടിക്കൊടുത്തത്. അഞ്ച് ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയെന്ന നാഴികക്കല്ലാണ് ഇക്കാലയളവു കൊണ്ട് ഹ്യുണ്ടായി ക്രെറ്റ മറികടന്നത്. 

ഇന്ത്യയിൽ മാത്രം 3.70 ലക്ഷം യൂണിറ്റ് വിറ്റഴിച്ചപ്പോൾ 1.4 ലക്ഷം യൂണിറ്റ് ബാക്കി കയറ്റുമതി വിപണിക്കായി എത്തി. ix25 അല്ലെങ്കിൽ ഹ്യൂണ്ടായി കാന്റസ് എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ 2015ലാണ് ഇന്ത്യൻ വിപണിയില്‍ എത്തുന്നത്. തുടർന്ന് നാല് മാസത്തിനുള്ളിൽ 70,000 ബുക്കിംഗുകളാണ് വാഹനം സ്വന്തമാക്കിയത്. ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് എട്ട് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം ബുക്കിംഗായി ഉയർന്നതും ശ്രദ്ധേയമായി.

റെനോ ഡസ്റ്ററിന് ശേഷം രാജ്യത്ത് പുറത്തിറക്കിയ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയാണ് ക്രെറ്റ. മൂന്ന് വ്യത്യസ്‍ത എഞ്ചിനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ അനവധി സവിശേഷതകളുള്ള ഒരു ഓഫറായി ക്രെറ്റ നിരവധി ഉപഭോക്താക്കളെ ആകർഷിച്ചു. 2018ല്‍ വാഹനത്തിന്‍റെ ഫേസ്‍ലിഫ്റ്റ് പതിപ്പ് എത്തിച്ചപ്പോഴും മികച്ച പ്രതികരണമായിരുന്നു. 

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. മികച്ച പ്രതികരണമാണ് വിപണിയില്‍ ഈ വാഹനത്തിനും. പുത്തന്‍ ക്രെറ്റയുടെ ബുക്കിംഗ് 55000 കടന്നതും അടുത്തിടെയാണ്.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.