ഇന്ത്യയില്‍ നിന്നും 2019- 20 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്‍തത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 1,69,861 യൂണിറ്റ് കാറുകളാണ് കമ്പനി ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ച. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 1,62,105 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കയറ്റുമതി ചെയ്തത്.

91 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് ഹ്യുണ്ടായ് കയറ്റുമതി നടത്തുന്നത്. മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസിഫിക് എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ ഇതിലുള്‍പ്പെടും. ഓസ്‌ട്രേലിയ മറ്റൊരു കയറ്റുമതി വിപണിയാണ്. ഇന്ത്യയില്‍ നിന്നുള്ള ആകെ കാര്‍ കയറ്റുമതിയുടെ 25 ശതമാനത്തോളം ഹ്യുണ്ടായിയാണ്.

2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ഫോഡ് ഇന്ത്യയാണ് കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 1,62,801 യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്തു. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,31,476 യൂണിറ്റ് മാത്രമാണ് കയറ്റുമതി ചെയ്തത്. ഇടിവ് 19.2 ശതമാനം. ഫോഡ് കൂടാതെ, മാരുതി സുസുകി, ഫോക്‌സ് വാഗണ്‍, മഹീന്ദ്ര, ഹോണ്ട, എഫ്‌സിഎ, ടാറ്റ മോട്ടോഴ്‌സ്, ഇസുസു എന്നീ കാര്‍ നിര്‍മാതാക്കളും 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതിയില്‍ ഇടിവ് നേരിട്ടു.

അതേസമയം നിസാന്‍, റെനോ, ടൊയോട്ട എന്നീ കാര്‍ നിര്‍മാതാക്കള്‍ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. യഥാക്രമം 39.9 ശതമാനം, 36.1 ശതമാനം, 31.6 ശതമാനം എന്നിങ്ങനെയാണ് 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചത്.