എക്സ്റ്ററിന്റെ ബുക്കിങ് കുതിക്കുന്നു; കാത്തിരിപ്പ് കൂട്ടുമെന്ന് ആശങ്ക, നെഞ്ചിടിക്കുന്നത് ആര്‍ക്കൊക്കെ?
സൺറൂഫുകൾ നല്‍കുന്ന ആദ്യ മൂന്ന് വേരിയന്റുകളാണ് മൊത്തം ബുക്കിംഗിന്റെ 75 ശതമാനവും എന്നാണ് റിപ്പോര്‍ട്ടുകള്‍. എഎംടി വേരിയന്റുകള്‍ക്കും സിഎന്‍ജി വേരിയന്റുകള്‍ക്കും ആളുകള്‍ ഏറെയാണ്.

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഏറ്റവും പുതിയതായി നിരത്തിലിറക്കാനിരിക്കുന്ന വാഹനമാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ. ടാറ്റയുടെ പഞ്ചിന് നേരിട്ട് തന്നെ എതിരാളി ആയി മാറിയ ഈ മൈക്രോ എസ്‌യുവി അര ലക്ഷത്തിലധികം ബുക്കിങുകൾ നേടി ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. സൺറൂഫുകൾ ഘടിപ്പിച്ച ആദ്യ മൂന്ന് വേരിയന്റുകളാണ് മൊത്തം ബുക്കിംഗിന്റെ 75 ശതമാനവും എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടർന്ന് എഎംടി വേരിയന്റുകളും സിഎൻജി വേരിയന്റുകളും മികച്ച ഡിമാൻഡുമായി പിന്നാലെയുണ്ട്.
ബുക്കിങ് കുതിച്ചുയരുന്നതിനാൽ, ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ കാത്തിരിപ്പ് കാലയളവ് വർദ്ധിക്കാനും തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ. നിലവിൽ, എക്സ്റ്ററിന് ബെംഗളൂരുവിൽ എട്ട് മാസവും ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നാല് മാസവും വെയിറ്റിങ് പീരിഡ് ഉണ്ട്. മുംബൈയിലും പൂനെയിലും ബുക്ക് ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തിനുള്ളിൽ ഡെലിവറി പ്രതീക്ഷിക്കാം, കൊൽക്കത്തയിൽ മൂന്നര മാസത്തെ കാത്തിരിപ്പ് കാലയളവുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
EX, S, SX, SX (O), SX (O) കണക്ട് എന്നീ അഞ്ച് വകഭേദങ്ങളുടെ ലൈനപ്പാണ് ഹ്യൂണ്ടായ് എക്‌സ്‌റ്റിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാനുവൽ വേരിയന്റുകളുടെ വില ആറ് ലക്ഷം മുതൽ 9.32 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം), എഎംടി മോഡലുകളുടെ വില 7.97 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. രണ്ട് സിഎൻജി വേരിയന്റുകളും ഉണ്ട്. S, SX (O) എന്നീ സിഎന്‍ജി വേരിയന്റുകള്‍ക്ക് യഥാക്രമം 8.24 ലക്ഷം രൂപയും 8.97 ലക്ഷം രൂപയുമാണ് വില.
83 ബിഎച്ച്‌പി പവറും 114 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 എൽ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഹ്യൂണ്ടായ് എക്‌സ്‌റ്ററിന് കരുത്തേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് തിരഞ്ഞെടുക്കാം. സിഎൻജി പതിപ്പ് 69bhp പവർ ഔട്ട്പുട്ടും 95.2Nm ടോർക്കും വാഗ്‍ദാനം ചെയ്യുന്നു.
എൻട്രി ലെവൽ E വേരിയന്റില്‍ എഎംടി ഗിയർബോക്‌സ് ലഭ്യമല്ല. എക്‌സ്‌റ്റർ പെട്രോൾ മാനുവൽ, എഎംടി പതിപ്പുകൾ യഥാക്രമം 19.4kmpl, 19.2kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതായി ഹ്യുണ്ടായ് അവകാശപ്പെടുന്നുണ്ട്. സിഎന്‍ജി മോഡലിന് 27.10km/kg മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. എക്‌സ്‌റ്റർ മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് ഹ്യുണ്ടായ് ഇതിനകം തന്നെ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇലക്ട്രിക് മോഡൽ നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണ്, 2024ൽ ഇലക്ട്രിക് എക്സ്റ്ററുകളും നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...