Asianet News MalayalamAsianet News Malayalam

പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴിയില്ല, പുത്തന്‍ ഐ20യുമായി ഹ്യുണ്ടായി!

നിലവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. എന്നാല്‍ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കും

Hyundai i20 Next gen model launch in India in June 2020
Author
Mumbai, First Published Jan 12, 2020, 9:22 AM IST

ജനപ്രിയ പ്രീമിയം ഹാച്ച് ബാക്കായ i20യുടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 2020 ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. എന്നാല്‍ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കും. ഈ സാഹചര്യത്തിലാണ് i20 -യുടെ മുഖംമിനുക്കാന്‍ കമ്പനി തീരുമാനിച്ചത്.  ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാകും വാഹനം എത്തുക. എന്നാല്‍ ഫീച്ചറുകളിലും കൂടുതല്‍ സ്റ്റെലിങ്ങിലും കൂടുതല്‍ ഊന്നല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹ്യുണ്ടായി മോഡലുകളിലെ നിലവിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തിയേക്കും. ഹാച്ച്ബാക്കിന്റെ മുന്‍വശത്ത് ഒരു കാസ്‌കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും. കൂടുതല്‍ സവിശേഷതകളോടെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

വാഹനത്തിന്‍റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ല. പക്ഷേ നിലവിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും വെന്യുവില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ GDi യൂണിറ്റും ഉള്‍പ്പെടുത്താനാണ് കൂടുതല്‍ സാധ്യത. 

ഹ്യുണ്ടായിയുടെ സഹോദരസ്ഥാപനമായ കിയയുടെ സെല്‍റ്റോസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍റെ പരിഷ്‍കരിച്ച ബിഎസ്6  പതിപ്പും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ചെറിയ T-GDI യൂണിറ്റില്‍ ആറ് സ്പീഡ് എംടിയും ഏഴ് സ്പീഡ് ഡിസിടിയും ആയിരിക്കും ട്രാന്‍സ്‍മിഷന്‍. 

2014-ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20-യെ അവതരിപ്പിക്കുന്നത്. 2014 -ല്‍ വിപണിയില്‍ അവതരിപ്പിച്ച ശേഷം  2017-ലാണ് എലൈറ്റ് i20 യായി വാഹനത്തെ പുതുക്കിയത്. 

Follow Us:
Download App:
  • android
  • ios