ഇന്ത്യന്‍ വിപണിക്കായി താങ്ങാനാകുന്ന വിലയിലുള്ള എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഈ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് വാഹനം 2022ഓടെ വാഹനം വിപണിയിലെത്തും.

പുതിയ മോഡല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി & സിഇഒ എസ്എസ് കിം പറഞ്ഞു. ഇന്ത്യയില്‍ ഹ്യുണ്ടായുടെ ആദ്യ ഇലക്ട്രിക് വാഹനമായ കോന ഇവി നേരത്തെ പുറത്തിറക്കിയിരുന്നു.  

23.7 ലക്ഷം രൂപയാണ് കോനയുടെ വില. കോന ഇവിയേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് എസ് യുവിയാണ് ഹ്യുണ്ടായ് ഉദ്ദേശിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവി ആയിരിക്കും എതിരാളി. 14 ലക്ഷം രൂപയാണ് നെക്‌സോണ്‍ ഇവിയുടെ എക്‌സ് ഷോറൂം വില. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനം വിപണിയില്‍ അവതരിപ്പിക്കുമെന്ന് എസ്എസ് കിം പറഞ്ഞു. ഇന്ത്യന്‍ വിപണിക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമായിരിക്കും പുതിയ ഇവി എന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് എസ്എസ് കിം കൂട്ടിച്ചേര്‍ത്തു.

പൂര്‍ണമായും പുതിയ രൂപകല്‍പ്പനയോടെയാണ് ഇലക്ട്രിക് എസ് യുവി വികസിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനമാണ് ഉദ്ദേശിക്കുന്നതെങ്കിലും ആന്തരിക ദഹന എന്‍ജിന്‍, ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ എന്നിവ കൂടി നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ളതായിരിക്കും പ്ലാറ്റ്‌ഫോം. 200 നും 300 നുമിടയില്‍ റേഞ്ച് ലഭിക്കുമെന്ന് എസ്എസ് കിം അറിയിച്ചു. 2022 ഓടെ ഇലക്ട്രിക് എസ് യുവി വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രതീക്ഷിക്കുന്നത്. നിലവില്‍ വാഹനഘടകങ്ങളും പാര്‍ട്ടുകളും വിതരണം ചെയ്യുന്ന കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ് കമ്പനി.