Asianet News MalayalamAsianet News Malayalam

മിന്നല്‍വേഗതയില്‍ ക്രെറ്റ നേടിയത് അരലക്ഷം ബുക്കിംഗ്!

പുത്തന്‍ ക്രെറ്റയുടെ ബുക്കിംഗ് 55000 കടന്നു

Hyundai New Creta Cross 55000 Bookings
Author
Mumbai, First Published Jul 31, 2020, 2:27 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ ആദ്യം അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. മികച്ച പ്രതികരണമാണ് വിപണിയില്‍ വാഹനത്തിന്. ഇപ്പോഴിതാ ഈ പുത്തന്‍ ക്രെറ്റയുടെ ബുക്കിംഗ് 55000 തികച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുക്ക് ചെയ്‍ത ക്രെറ്റ മോഡലുകളിൽ 60 ശതമാനവും ഡീസൽ വേരിയന്റുകൾക്കാണ് എന്നാണ് കണക്കുകള്‍. മാത്രമല്ല 30 ശതമാനം ബുക്കിങ് കമ്പനിയുടെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോം വഴിയാണ് വന്നിരിക്കുന്നത്. ലോഞ്ച് ചെയ്‌തു കഴിഞ്ഞ നാലുമാസം കൊണ്ട് 20,000 യൂണിറ്റിലധികം വില്പന ഹ്യുണ്ടേയ് ക്രെറ്റ നേടിയിട്ടുണ്ട്. മെയ് മാസത്തില്‍ തന്നെ ബുക്കിംഗ് 30000 തികച്ചിരുന്നു.

വാഹന വില്‍പ്പന കാര്യമായി ഇടിഞ്ഞ സമയത്ത് ശരാശരി 5000 യൂണിറ്റുകൾ വച്ച് പ്രതിമാസം വിൽക്കാൻ സാധിച്ചത് ഹ്യുണ്ടേയിയെ സംബന്ധിച്ച് വമ്പൻ നേട്ടം ആണ്. പെട്രോൾ, ഡീസൽ വകഭേദങ്ങളിലായി ഓട്ടമാറ്റിക്ക് മാനുവൽ ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ്.  

ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതു തലമുറ ഹ്യുണ്ടായി ക്രെറ്റയുടെ വലുപ്പം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോംപാക്റ്റ് എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് മാറ്റമില്ല. രണ്ടാം തലമുറ ക്രെറ്റ കൂടുതല്‍ സ്പോര്‍ട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. 17 ഇഞ്ച് അലോയി വീലും ഇതിലുണ്ട്. വെന്യുവിലേതിന് സമാനമായ ഗ്രില്ല് ക്രേറ്റയിലും ഇടംപിടിച്ചു. മൂന്ന് എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്ലാമ്പും ഡേടൈം റണ്ണിംഗ് ലാമ്പുമെല്ലാം മിഴിവേകുന്നു.

വാഹനത്തിന്‍റെ പിന്നിലും കാര്യമായ മാറ്റങ്ങളാണ് സംവഭിച്ചത്. സ്പ്ലിറ്റ് ടെയിൽ ലാംപം നീളത്തിൽപോകുന്ന ബ്രേക്ക് ലൈറ്റുമെല്ലാം ഏറെ വ്യത്യസ്തമാണ്. ആറ് എയർ ബാഗുകളാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, കവർച്ചയിൽനിന്ന് സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻറീരിയറിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. മുൻനിരയിലെ വെന്‍റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് എ.സി, ബോസിൻെറ സൗണ്ട് സിസ്റ്റം, വയർലെസ് റീചാർജിങ്, പിന്നിലെ യു.എസ്.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്. വോയിസ് എനാബിൾഡ് പനോരമിക് സൺറൂഫാണ് മറ്റൊരു പ്രത്യേകത. 

Follow Us:
Download App:
  • android
  • ios