ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ പാലിസേഡ് ഫ്‌ളാഗ്ഷിപ്പ് എസ് യുവി ഇന്ത്യന്‍ വിപണിയിലേക്ക്. വാഹനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുകയാണെന്ന് ഹ്യുണ്ടായ് ഇന്ത്യ വില്‍പ്പന, സേവന, വിപണന വിഭാഗം ഡയറക്റ്റര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. ഉചിതമായ സമയത്ത് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

2018 ലാണ് വാഹനത്തെ ആദ്യമായി അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഇതിനകം ഏറെ ജനപ്രീതി നേടിയ പാലിസേഡ് ഇതുവരെയുള്ളതില്‍ ഏറ്റവും വലുതും ഏറ്റവും ആഡംബരം നിറഞ്ഞതുമായ ഹ്യുണ്ടായ് എസ് യുവിയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ വാഹനങ്ങള്‍ക്ക് ശക്തമായ എതിരാളിയാണ് വാഹനം. 

ഏകദേശം അഞ്ച് മീറ്റര്‍ നീളം വരുന്ന ഫുള്‍ സൈസ് എസ് യുവിയാണ് പാലിസേഡ്. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,980 എംഎം, 1,975 എംഎം, 1,750 എംഎം എന്നിങ്ങനെയാണ്. 2,900 മില്ലിമീറ്ററാണ് വീല്‍ബേസ്. 7 സീറ്റര്‍ (മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍), 8 സീറ്റര്‍ വകഭേദങ്ങളില്‍ ഹ്യുണ്ടായ് പാലിസേഡ് ലഭിക്കും. ഇന്ത്യയില്‍ വരാനിരിക്കുന്ന എംജി ഗ്ലോസ്റ്റര്‍ ആയിരിക്കും എതിരാളി. കിയ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് എസ് യുവിയായ ടെല്യുറൈഡ് അടിസ്ഥാനമാക്കിയത് പാലിസേഡ് നിര്‍മിച്ച പ്ലാറ്റ്‌ഫോമാണ്.

അമേരിക്കന്‍ വിപണിയില്‍ 3.8 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹ്യുണ്ടായ് പാലിസേഡ് ലഭിക്കുന്നത്. ഈ മോട്ടോര്‍ 291 ബിഎച്ച്പി കരുത്തും 355 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇന്ത്യയില്‍ പെട്രോള്‍ ഓപ്ഷന്‍ കൂടാതെ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും നല്‍കുമെന്ന് പ്രതീക്ഷിക്കാം. ദക്ഷിണ കൊറിയയില്‍ ഹ്യുണ്ടായ് പാലിസേഡ് ഈ ഡീസല്‍ മോട്ടോര്‍ ഉപയോഗിക്കുന്നു. 200 ബിഎച്ച്പി കരുത്തും 441 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. മള്‍ട്ടി പ്ലേറ്റ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ സഹിതം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. 2 വീല്‍ ഡ്രൈവ്, എച്ച്ട്രാക് 4 വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ഹ്യുണ്ടായ് പാലിസേഡ് ലഭിക്കും.

ഭീമന്‍ ലുക്ക് തന്നെയാണ് എടുത്തു പറയേണ്ട പ്രത്യേകത.  20 ഇഞ്ച് അലോയ് വീലുകള്‍, 10.25 ഇഞ്ച് വലുപ്പമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍ മെന്‍റ്  സിസ്റ്റം, 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്‍റ് കണ്‍സോള്‍, ഹാര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ഇരട്ട സണ്‍റൂഫ്, ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, 9 എയര്‍ബാഗുകള്‍ എന്നിങ്ങനെ തുടങ്ങുന്നു ആഡംബര സുരക്ഷാ ഫീച്ചറുകള്‍. 

ബ്ലൈന്റ് സ്‌പോട്ട് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, ലൈന്‍ ഫോളോയിങ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ്, സേഫ് എക്‌സിറ്റ് അസിസ്റ്റ്, റോള്‍ ഓവര്‍ സെന്‍സിങ് സൈഡ് കര്‍ട്ടണ്‍ എയര്‍ബാഗ് സഹിതം ഏഴ് എയര്‍ബാഗ്, ഡ്രൈവര്‍ അറ്റന്‍ഷന്‍ വാര്‍ണിങ്, സ്മാര്‍ട്ട് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയവ വാഹനത്തിനുണ്ട്. 

എന്നാല്‍ ഏതുവിധത്തില്‍ പാലിസേഡ് എസ് യുവി ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന കാര്യം വ്യക്തമല്ല. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുന്നത് ചെലവേറിയതായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണെങ്കില്‍ വലിയ നിക്ഷേപം ആവശ്യമായി വരും. ധാരാളം വിറ്റുപോകാനുള്ള സാധ്യത ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് ഹ്യുണ്ടായ് തയ്യാറാകുന്നത്.

നിലവില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് ഹ്യുണ്ടായ് പാലിസേഡ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വേര്‍ഷന്‍ നിര്‍മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ് കമ്പനി. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ വിപണികളില്‍ ഈ വര്‍ഷം അവസാനത്തോടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പാലിസേഡ് അവതരിപ്പിച്ചേക്കും. ഈ മോഡലായിരിക്കും ഇന്ത്യയിലെത്തുന്നത്. അവതരിപ്പിച്ചാല്‍, ഇന്ത്യയില്‍ ഏറ്റവും വിലയേറിയ ഹ്യുണ്ടായ് മോഡലായിരിക്കും പാലിസേഡ്. 25-30 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.