Asianet News MalayalamAsianet News Malayalam

എണ്ണ മാത്രമല്ല ഇനി പെട്രോള്‍ പമ്പുകളില്‍ നിന്നും കറന്‍റും അടിക്കാം!

രാജ്യത്തെ 69,000 പെട്രോൾ പമ്പുകളിലും ബാറ്ററി ചാർജിങ് കിയോസ്‍ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

India may install EV charging kiosks at petrol stations
Author
Mumbai, First Published Sep 10, 2020, 3:56 PM IST

രാജ്യത്തെ 69,000 പെട്രോൾ പമ്പുകളിലും ബാറ്ററി ചാർജിങ് കിയോസ്‍ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.  ഇലക്ട്രിക്ക് വാഹന ചാർജിങ് മേഖലയിലെ അടിസ്ഥാന സൗകര്യം അവലോകനം ചെയ്യാൻ കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.  ഇലക്ട്രിക്ക് വാഹന (ഇ വി) വിൽപ്പന പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം. ആദ്യ ഘട്ടത്തിൽ രാജ്യതലസ്ഥാന മേഖലയായ ദില്ലി എൻ സി ആർയ്ക്കു പുറമെ കൊൽക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു, വഡോദര, ഭോപാൽ നഗരങ്ങളിലും ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലും വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താനാണ് ഊർജ മന്ത്രാലയത്തിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊതുമേഖല എണ്ണ കമ്പനി(ഒ എം സി)കളുടെ ഭരണ നിയന്ത്രണത്തിലുള്ള ‘കോകോ’ പെട്രോൾ പമ്പുകളിൽ ചാർജിങ് കിയോസ്ക് സ്ഥാപിക്കാൻ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാനാണു പെട്രോളിയം മന്ത്രാലയത്തിനുള്ള നിർദേശം.  ലൈസൻസ്/ഫ്രാഞ്ചൈസി വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പമ്പുകളിലും കുറഞ്ഞത് ഒരു ചാർജിങ് കിയോസ്ക് എങ്കിലും സജ്ജീകരിക്കാനാണു ശ്രമം. ഇത്തരത്തിൽ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും വൈദ്യുത വാഹന ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാവുമെന്നതാണു നേട്ടം.

ഒപ്പം പൊതുമേഖല എണ്ണ കമ്പനികൾ നേരിട്ടു നടത്തുന്ന, കമ്പനി ഓൺഡ് കമ്പനി ഓപ്പറേറ്റഡ്(കോകോ) വിഭാഗം പമ്പുകളിൽ ഇ വി ചാർജിങ് കിയോസ്ക് നിർബന്ധമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. പമ്പുകളിലെല്ലാം ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമായാൽ കൂടുതൽ പേർ വൈദ്യുത വാഹനം വാങ്ങാൻ സന്നദ്ധരാവുമെന്നാണു സര്‍ക്കാരിന്‍റെ കണക്കു കൂട്ടല്‍.

പെട്രോളിയം മന്ത്രാലയത്തിന്റെ പരിഷ്കരിച്ച മാർഗരേഖ പ്രകാരം പുതിയ പെട്രോൾ പമ്പുകളിൽ ഏതെങ്കിലും ബദൽ ഇന്ധന സാധ്യത നിർബന്ധമായും ലഭ്യമാക്കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന മിക്ക പെട്രോൾ പമ്പുകളും ബദൽ ഇന്ധന വിഭാഗത്തിൽ വൈദ്യുത വാഹന ചാർജിങ് സൗകര്യം ഏർപ്പെടുത്താനാണു താൽപര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

Follow Us:
Download App:
  • android
  • ios