രാജ്യത്തെ ഇലക്ട്രിക് വാഹന വില്‍പനയില്‍ സമഗ്ര മാറ്റത്തി വഴി വയ്ക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മുൻകൂട്ടി ഘടിപ്പിച്ച ബാറ്ററികളില്ലാതെ വൈദ്യുത വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അനുമതി നൽകി എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇലക്ട്രിക്ക് വാഹന വില കുത്തനെ കറയും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെസ്റ്റ് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റി​ന്‍റെ അടിസ്ഥാനത്തില്‍ ബാറ്ററികളില്ലാത്ത വാഹനങ്ങൾ വിൽക്കാനും രജിസ്റ്റർ ചെയ്യാനും കഴിയുമെന്ന് ഗതാഗത, ദേശീയപാത മന്ത്രാലയം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗതാഗത സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതോടെ ഉപയോക്താവിന് ഇഷ്ടമുള്ള ബാറ്ററി ആക്സസറിയായി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ വിലയുടെ 40 ശതമാനത്തോളം ഇതിന്റെ ബാറ്ററിയുടേതാണ്. പുതിയ തീരുമാനത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഷോറൂം വില പെട്രോള്‍, ഡീസല്‍, സിഎന്‍ജി വാഹനങ്ങളെക്കാള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. 

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ നിർമാണം വർധിപ്പിക്കുകയാണ്​ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്​. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നിർമാണത്തിൽ വലിയ വിപ്ലവം സൃഷ്​ടിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ്​ വിലയിരുത്തൽ. വൈദ്യുത വാഹനങ്ങളുടെ ചിലവിൽ 30 മുതൽ 40 ശതമാനംവരെ ബാറ്ററിയുടേതാണ്​. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി കൂട്ടായ പ്രവര്‍ത്തനമാവശ്യമാണെന്നും മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്‍റെ ഈ പുതിയ നിര്‍ദേശത്തെ രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ സ്വാഗതം ചെയ്‍തു. പുതിയ നയത്തിലൂടെ കൂടുതല്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും പുതിയ നിര്‍ദേശത്തിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്കായിരിക്കും ലഭിക്കുകയെന്നും ഹീറോ ഇലക്ട്രിക് മേധാവി അഭിപ്രായപ്പെട്ടു. 

എടുത്ത്​ മാറ്റാവുന്ന ബാറ്ററികൾ വരുന്നതോടെ വൈദ്യുത വാഹനങ്ങളുടെ പ്രവർത്തന സൗകര്യവും വർധിക്കും. രണ്ട്​ ബാറ്ററികൾ സ്വന്തമായുണ്ടെങ്കിൽ ഇടതടവില്ലാതെ വാഹനം ഉപയോഗിക്കാനാവും. ദീർഘദൂര യാത്രകളിൽ വിദേശമാതൃകയിൽ ബാറ്ററി സ്​റ്റേഷനുകളിൽ നിന്ന്​ ആവശ്യാനുസരണം ബാറ്ററി മാറ്റിയെടുത്ത്​ യാത്ര ചെയ്യുകയുമാവാം.

രജിസ്ട്രേഷന്​ ബാറ്ററിയുടെ ഏതെങ്കിലും വിശദാംശങ്ങൾ വ്യക്തമാക്കേണ്ട ആവശ്യമില്ലെങ്കിലും നിലവിലെ നിയമം അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ടെസ്റ്റ് ഏജന്‍സിയുടെ അനുമതി ലഭിക്കണമെങ്കില്‍ ബാറ്ററി വേണം. പ്രോട്ടോടൈപ്പും ബാറ്ററിയും (സാധാരണ ബാറ്ററി അല്ലെങ്കിൽ സ്വാപ്പബിൾ ബാറ്ററി) 1989 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂളിലെ റൂൾ 126 പ്രകാരം വ്യക്തമാക്കിയ ടെസ്റ്റ് ഏജൻസികൾ അംഗീകരിക്കണം എന്നാണ് നിയമം.