ഭിലായ്: രണ്ടു കിലോമീറ്റർ നീളമുള്ള ടെയിനുമായി ഇന്ത്യൻ റെയിൽവേ ചരിത്രത്തിലേയ്ക്ക്. മൂന്നു ഗുഡ്സ് ടെയിനുകൾ കൂട്ടിയിണക്കി സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവെയാണ് ഇത്രയും നീളമുള്ള ടെയിൻ യാഥാർത്ഥ്യമാക്കിയത്. ഛത്തീസ്ഗഡിലെ ഭിലായിൽ നിന്നും കോർബയിലേയ്ക്കായിരുന്നു പരീക്ഷണ ഓട്ടം. 235 കിലോമീറ്ററോളം ദൂരമാണ് പരീക്ഷണ ഓട്ടത്തില്‍ ഈ ട്രെയിന്‍ സഞ്ചരിച്ചത്.

സിസ്ട്രിബ്യൂട്ടഡ് പവർ കൺട്രോൾ സിസ്റ്റമാണ്(ഡി പി സി എസ്) ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെ ഡീസല്‍ ലോക്കോ എന്‍ജിന്‍ തന്നെയാണ് ഇത്രയും നീളമുള്ള ഈ ട്രെയിനിനേയും നിയന്ത്രിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പാതയിലെ തിരക്കു കുറയ്ക്കാനും ഇതുകൊണ്ട്കഴിയുമെന്നാണ് വിലയിരുത്തൽ.  മാത്രമല്ല ചെലവ് കുറവാണെന്നതും ഇതിന്റെ മേൻമയാണെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. ലോക്കോ പൈലറ്റ്, അസിസ്റ്റൻസ് ലോക്കോപൈലറ്റ്, ഡ്രൈവർ ക്രൂ എന്നീ ഒരു സെറ്റ് ജീവനക്കാർ മതി ഇത്രയും വലിയ ടെയിൻ നിയന്ത്രിക്കാൻ. 700 മീറ്ററാണ് സാധാരണ ഗുഡ്സ് ടെയിനിന്റെ നീളം. 177 ചരക്ക് വാഗണുകളാണ് ട്രെയിനുകളിലെ അനാകോണ്ടയിലുള്ളത്.  സാധാരണ ഗുഡ്സ് ട്രെയിന്‍ ഏഴുമണിക്കൂര്‍ കൊണ്ടാണ് ഈ ദൂരം പിന്നിടുന്നത്. എന്നാല്‍ അനാക്കോണ്ട ട്രെയിന്‍ ആറുമണിക്കൂര്‍ കൊണ്ട് ഈ ദൂരം പിന്നിട്ടുവെന്ന് സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍(റായ്പൂര്‍ ഡിവിഷന്‍) പ്രകാശ് ചന്ദ് ത്രിപാഠി പറയുന്നു.