കഴിഞ്ഞ കുറച്ചുകാലമായി പലപ്പോഴും മലയാളികളുടെ വാര്‍ത്താലോകത്തെ മുഖ്യകഥാപാത്രങ്ങളിലൊന്നാണ് ടൊയോട്ടയുടെ ഇന്നോവ. പല വിവാദ കേസുകളിലും വാദിയോ പ്രതിയോ സാക്ഷിയോ ഒക്കെയായി പലപ്പോഴും ഒരു ഇന്നോവയുടെ സജീവ സാനിധ്യമുണ്ടാകും. ഇതാ വീണ്ടുമൊരു കേസില്‍ക്കൂടി ഉള്‍പ്പെട്ട് വാര്‍ത്തകളിലെ കേന്ദ്രബിന്ദുവാകാനാണ് വാഹനപ്രേമികള്‍ ഏറെ സ്‍നേഹിക്കുന്ന ജപ്പാന്‍കാരനായ ഈ ജനപ്രിയ എംപിവിയുടെ വിധി.  

ലോക് സഭാ തെരെഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി ഒ ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന വാഹനവും ഒരു ഇന്നോവയാണെന്നതാണ് കൗതുകം. തലശേരി എംഎല്‍എയായ എ എന്‍ ഷംസീറിനൊപ്പമാണ് ഈ ഇന്നോവയും വാര്‍ത്തകളില്‍ നിറയുന്നത്. എംഎൽഎയുടെ സഹായിയും തലശേരി എരിയ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറിയുമായിരുന്ന എൻ കെ രാഗേഷ് കേസിലെ മറ്റൊരു പ്രതിയായ പൊട്ടിയൻ സന്തോഷിനെ വിളിച്ച് ഗൂഢാലോചന നടത്തിയത് ഈ ഇന്നോവ കാറിൽ വെച്ചാണെന്ന് പ്രതികൾ നേരത്തെ മൊഴി നൽകിയിരുന്നു. ഈ കാറില്‍ വച്ചാണ് കൊട്ടേഷൻ ഏൽപ്പിച്ചതെന്ന കാര്യവും പ്രതികളുടെ മൊഴിയിലുണ്ടെന്നാണ് സൂചനകള്‍.  

മെയ് 18 ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡിൽ  വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെടുന്നത്. സ്‍കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്.  തന്നെ ആക്രമിച്ചതിന് പിന്നിൽ  സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ടെന്നും സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി ഒ ടി നസീർ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഈ ഇന്നോവ കൺമുന്നിലുണ്ടായിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കാത്തതാണ് പുതിയ വിവാദം. വാഹനം കാണാനില്ലെന്നും തിരയുകയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞദിവസം സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിന് ഷംസീര്‍ എംഎല്‍എ വന്നിറങ്ങിയത് പൊലീസ് കാണാനില്ലെന്ന് പറയുന്ന ഇതേ ഇന്നോവയിലാണെന്നതാണ് ആരോപണം.   

വാഹനം തിരയുകയാണെന്ന് പൊലീസ് പറയുമ്പോള്‍ ജില്ലാക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അതേ കാറിൽ എംഎല്‍എ എത്തിയത് എങ്ങനെയെന്നാണ് എതിരാളികള്‍ ചോദിക്കുന്നത്. മുൻപ് എംഎൽഎ ബോർഡ് വെച്ച് ഓടിയിരുന്ന വണ്ടിയിൽ നിന്നും ഈ ബോർഡ് എടുത്തു മാറ്റിയായിരുന്നു ഷംസീറിന്‍റെ വരവെന്നും ആരോപണമുണ്ട്. കേസിൽ എംഎൽഎയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. പക്ഷേ അതും ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് പുതിയ സംഭവവുമെന്നതുകൊണ്ട് തന്നെ പൊലീസ്  നടപടികൾ മന:പൂർവ്വം വൈകിക്കുകയാണെന്നും കേസ് അട്ടിമറിയിലേക്കാണെന്നുമൊക്കെ ആരോപണം ഉയരുന്നുണ്ട്.  

അതിനിടെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനിരിക്കുകയാണ് നസീറെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ടി പി ചന്ദ്രശേഖരന്‍ വധത്തോടെ തുടങ്ങിയ ഇന്നോവയുടെ കഷ്‍ടകാലം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ്. വരുംദിവസങ്ങളിലും വാര്‍ത്തകളിലെ മുഖ്യകഥാപാത്രങ്ങളിലൊന്നാവാന്‍ തന്നെയാകും ഈ ഇന്നോവയുടെയും വിധി.