ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവു വന്നതോടെ ജാവ മോട്ടോര്‍ സൈക്കിള്‍ ഷോറൂമുകൾ വീണ്ടും തുറന്നു. സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചാണ് ഷോറൂമുകള്‍ തുറന്നത്. 

105 ഡീലർഷിപ്പുകളിൽ നിന്ന് ഗ്രീൻ സോണുകളിലെ 46 ഷോറൂമുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. സർക്കാർ നിർദേശങ്ങൾ പാലിച്ച് ഷോറൂമുകൾ അണുവിമുക്തമാക്കി ഏറെ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഷോറൂമുകൾ തുറന്നു പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടേയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പാലിക്കുന്നുണ്ട്. ഉപഭോക്താവ് ഷോറൂമിലെത്തുന്നതു മുതൽ വാഹനം ഡെലിവറി എടുക്കുന്നതുവരെ സുരക്ഷിതമാക്കാനുള്ള മാർഗ നിർദേശങ്ങൾ ജാവ നൽകുന്നുണ്ട്. പുതിയ വാഹനം വീട്ടിലെത്തി ഡെലിവറി ചെയ്യാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുമുള്ള സൗക്യങ്ങളും ജാവ ഒരുക്കിയിട്ടുണ്ട്.

കൂടാതെ ജീവനക്കാർ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നു. ഷോറൂമിലെത്തുന്ന ഉപഭോക്താക്കളോടെല്ലാം മാസ്ക് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. തെർമൽ സ്കാനിങ് നടത്തിയാണ് ഓരോരുത്തരേയും അകത്തേക്കു പ്രവേശിപ്പിക്കുന്നത്. 

ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്ത് 2018 അവസാനമാണ് വീണ്ടും വിപണിയിലെത്തിച്ചത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ കമ്പനി വില്‍പ്പനയിലും മുമ്പിലാണ്.