ദില്ലി: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‍മാര്‍ട്ട് മോണിട്ടറിംഗ്, മെയിന്റനന്‍സ് സൗകര്യങ്ങളുള്ള പുതിയ ബ്രാന്‍ഡ്' ട്രീല്‍ സെന്‍സേര്‍സ്' ടയറുകളുമായി ജെ കെ ടയര്‍ ആൻഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

രാജ്യത്തു ഹൈ പെര്‍ഫോമന്‍സ് ട്രക്കുകള്‍, ബസുകള്‍, കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ എന്നിവയ്ക്കായുള്ള ടയര്‍ വിപണിയില്‍ ജെ.കെ. ടയറിന്റെ പ്രാതിനിധ്യം വർധിപ്പിക്കുക, ടയര്‍ വിപണിയില്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ ക്ഷമതയും സുരക്ഷയുമുള്ള ടയര്‍ നിര്‍മ്മിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ ടയര്‍ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ട്രീല്‍ മൊബിലിറ്റി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട് അപ്പിനെ ജെ കെ ടയര്‍ അടുത്തിടെ സ്വന്തമാക്കിയതാണ് പ്രസ്തുത നേട്ടത്തിലേക്ക് എത്താന്‍ സഹായകരമായതെന്നും കമ്പനി പറയുന്നു.

സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മിനിമം ടയര്‍ പ്രഷര്‍ നിലനിര്‍ത്താന്‍ ജെ.കെ. ടയറുകള്‍ക്ക് കഴിയും. ട്രീല്‍ സെന്‍സേര്‍സിലൂടെ ടയറുകളിലെ സമ്മര്‍ദ്ദവും ചൂടും പരിശോധിക്കാവുന്ന ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം  കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സ്മാര്‍ട്ട് സെന്‍സര്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ വാഹന ഉടമയുടെ മൊബൈല്‍ ഫോണിലെ ആപ്ലിക്കേഷനില്‍ ബ്ലൂടൂത്ത് സഹായത്തോടെ സമയബന്ധിതമായി അറിയാന്‍ സാധിക്കും. ഇതിലൂടെ ടയറുകളുടെ സ്ഥിതിയെകുറിച്ചു നേരത്തെ മനസിലാക്കാനും അവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു ടയറുകളുടെ ക്ഷമത കൂട്ടാനും സുരക്ഷ ഉറപ്പുവരുത്താനും കഴിയും. മാത്രമല്ല ടിപിഎംഎസ്  സഹായത്തോടെ ട്രീല്‍ സെന്‍സേര്‍സ് ടയറുകള്‍ക്കു കൂടുതല്‍ ഇന്ധന ക്ഷമത നല്‍കാവാനും സാധിക്കും. ചുരുക്കത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മികച്ച സേവനം നല്‍കുന്നതിലൂടെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ സാമ്പത്തിക നേട്ടവും പുതിയ ടയർ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
 
റേഡിയല്‍ ടയറുകളെ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ പരിചയപ്പെടുത്തിയവര്‍ എന്നതുകൂടാതെ യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും ഉടമസ്ഥര്‍ക്കു കൂടുതല്‍ സുരക്ഷയും ക്ഷമതയും നല്‍കുന്ന 'സ്മാര്‍ട്ട് ടയര്‍' എന്ന പേരിലുള്ള നൂതന സംരഭത്തിനും തങ്ങളിലൂടെ തന്നെ തുടക്കം കുറിക്കുകയാണെന്ന്, ഉല്‍പ്പന്നം പുറത്തിറക്കി ജെ കെ ടയര്‍ & ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രഗുപതി സിംഗാനിയ  പറഞ്ഞു. ട്രീല്‍ സെന്‍സേര്‍സ് എന്ന പേരില്‍ പ്രസ്തുത ടയര്‍ അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ ടയര്‍ വിപണിയില്‍  ആദ്യത്തെ ഹൈടെക് സ്മാര്‍ട്ട് ടയറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നൂതന സാങ്കേതിവിദ്യയിലൂടെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ വാഹന ഉടമകള്‍ക്കു മുടക്കുന്ന തുകയ്ക്കു മികച്ച സേവനം പ്രത്യേകിച്ചും ടയറുകളുടെ ക്ഷമതയുടെ കാര്യത്തില്‍ ഉറപ്പാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രീല്‍ സെന്‍സേര്‍സ് രാജ്യത്ത്  700-ല്‍ അധികം ഷോറൂമുകളില്‍ ലഭ്യമാണ്. കൂടാതെ പുതിയ ടയറുകൾ  ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമിലൂടെ ഉപയോക്താക്കള്‍ക്കായി വില്‍പ്പന നടത്താനും ജെ.കെ. ടയറിന് പദ്ധതിയുണ്ട്