രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് 2018 ല്‍ ആണ് ഐതിഹാസിക ഇരുചക്രവാഹന മോഡലായ ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരികെ എത്തിയത്. 22 വര്‍ഷങ്ങള്‍ക്കു ശേഷം ആയിരുന്നു ജാവയുടെ ഇന്ത്യയിലേക്കുള്ള ആ മടങ്ങി വരവ്. ജാവ, ജാവ 42 എന്നീ മോഡലുകള്‍ ആദ്യവും ശേഷി കൂടിയ കസ്റ്റം ബോബർ മോഡൽ ആയ പെരാക്ക് അടുത്തിടെയുമാണ് വിപണിയില്‍ എത്തിയത്. ചെക്ക് സ്വദേശിയായ ജാവയെ ഇന്ത്യന്‍ വണ്ടിക്കമ്പനിയായ മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ് തിരികെയെത്തിച്ച ആദ്യനാളുകളില്‍, ഉപഭോക്താക്കളിൽ നിന്ന് വമ്പന്‍ പ്രതികരണമാണ് നേടിയെടുത്തത്. 

ഡിസ്‌പ്ലേസ്‌മെന്റ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനെതിരെ മികച്ച ബുക്കിംഗുകളോടെ തുടക്കം ഗംഭീരമാക്കിയെങ്കിലും ഇപ്പോള്‍ ജാവയ്ക്ക് അടിപതറിത്തുടങ്ങുന്നു എന്നാണ് വാഹനലോകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ജാവയുടെ കുറഞ്ഞുവരുന്ന വില്‍പ്പന കണക്കുകളാണ് ഇതിന് തെളിവാകുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജൂലൈ മാസത്തിലെ ക്ലാസിക് ലെജന്‍ഡ്‍സ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹന ബ്രാൻഡുകളുടെ വിൽപ്പന കണക്കുകൾ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‍സ് അസോസിയേഷൻ (FADA) പുറത്തുവിട്ടിരുന്നു. ഈ കണക്കുകള്‍ അനുസരിച്ച് ജൂലൈ മാസത്തില്‍ ജാവ മോട്ടോർസൈക്കിളുകളുടെ വെറും 569 യൂണിറ്റുകൾ മാത്രമാണ് നിരത്തിൽ എത്തിയത്.

ജാവയുടെ ഇരുചക്ര വാഹന വിപണി വിഹിതം 0.07 ശതമാനം മാത്രമാണെന്ന് ഈ കണക്കുകള്‍ തെളിയിക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 991 യൂണിറ്റ് വിപണി വിഹിതത്തിൽ വിൽക്കാൻ ജാവയ്ക്ക് കഴിഞ്ഞിരുന്നിടത്താണ് ഈ പതനം. ജാവയുടെ ഒന്നാം നമ്പര്‍ എതിരാളിയായ റോയൽ‌ എൻ‌ഫീൽ‌ഡിന് 34,313 യൂണിറ്റ് വിൽ‌പനയും  വിപണി വിഹിതത്തിൽ‌ 3.92 ശതമാവുമാണ് രേഖപ്പെടുത്തിയത്. അത് ക്ലാസിക്ക് ലെജന്റുകളുടെ എണ്ണത്തേക്കാൾ 60 മടങ്ങ് കൂടുതലാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് റോയല്‍ എൻഫീൽഡിന്റെ വിൽ‌പനയിൽ ഗണ്യമായ ഇടിവുണ്ടെങ്കിലും നിലവിലെ കൊവിഡ് അനന്തര വ്യവസായ സാഹചര്യം കണക്കിലെടുക്കുമ്പോൾ പ്രകടനം അത്ര മോശമല്ല എന്നതാണ് യാഥാർഥ്യം.

ജാവയുടെയും ജാവ 42ന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം അടുത്തിടെയാണ് കമ്പനി തുടങ്ങിയത്. ബിഎസ്-4 എന്‍ജിന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ പവറാണ് ബിഎസ്-6 മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇരു വാഹനങ്ങള്‍ക്കും കരുത്തേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള 293 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എന്‍ജിന്‍ 26.51 പിഎസ് പവറും 27.05 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ബിഎസ്-6 എന്‍ജിനിലേക്ക് ഉയര്‍ന്നതോടെ ജാവയുടെ ഭാരം 12 കിലോഗ്രാം ഉയര്‍ന്നിരുന്നു. ബിഎസ്-4 മോഡലുകള്‍ക്ക് 170 കിലോഗ്രാം ഭാരമായിരുന്നെങ്കില്‍ ബിഎസ്-6 എന്‍ജിനിലേക്ക് ഉയര്‍ന്നതോടെ ഇത് 182 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുണ്ട്.  ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്‍റെ ഹൃദയം. മറ്റു ജാവകളെക്കാള്‍ കരുത്തുകൂടും. ഈ എഞ്ചിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്‍പീഡാണ് ട്രാന്‍സ്‍മിഷന്‍. 

ഡെലിവറിയിലെ വലിയ കാലതാമസമാണ് ജാവയില്‍ നിന്നും ഭൂരിഭാഗം ഉപഭോക്താക്കളെയും അകറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം കൊവിഡ് വൈറസ് ബാധയും ലോക്ക് ഡൌണുകളുമെല്ലാം കമ്പനിക്ക് വിനയായിട്ടുണ്ടെന്നുമാണ് വിലയിരുത്തല്‍.