തിരുവനന്തപുരം: പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പല സംസ്ഥാനങ്ങളും ഈ നിയമം അതേപടി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളവും ഇതേ പാതയിലാണ്. എന്നാല്‍ സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ അപ്രതീക്ഷിതമായിട്ടൊരു തിരിച്ചടി നേരിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പുതിയ വിജ്ഞാപനം ഇറക്കി വന്‍ പിഴയെ മറികടക്കാനായിരുന്നു കേരളത്തിന്‍റെ നീക്കം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍  ശനിയാഴ്‍ച ചേര്‍ന്ന ഉന്നതതലയോഗം തീരുമാനവുമെടുത്തിരുന്നു. സംസ്ഥാനത്തിന് അധികാരമുള്ള വകുപ്പുകളില്‍ പിഴ കുറക്കാനായിരുന്നു തീരുമാനം. പുതിയ വിജ്ഞാപനം തയ്യാറാക്കാന്‍ ഗതാഗത,നിയമസെക്രട്ടറിമാരെ  ചമുതലപ്പെടുത്തുകയും  ചെയ്‍തിരുന്നു.  

എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് സംസ്ഥാനത്തിന് വിനയായത്. ഇതോടെ പുതിയ വിജ്ഞാപനം ഇറക്കുന്നത് നീളാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോട്ടോര്‍ വാഹന നിയമഭേദഗതി അനുസരിച്ച് ഏഴ് നിയമലംഘനങ്ങള്‍ക്ക് കുറഞ്ഞ പിഴയും പരമാവധി പിഴയും നിശ്ചയിച്ചിട്ടുണ്ട്. എത്ര വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ്  സര്‍ക്കാര്‍  തീരുമാനമെടുത്തിരുന്നെങ്കിലും പിഴത്തുക എത്ര കുറക്കണമെന്ന കാര്യത്തില്‍ ധാരണയായിരുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളോ ഉത്തരവോ തെരഞ്ഞെടുപ്പ് കാലയളവില്‍ പുറത്തിറക്കുന്നതിന് പരിമതിയുണ്ട്. പുതിയ വിജ്ഞാപനം ഇറക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതിയും വേണം.

ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കണോ, അതോ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി തേടണമോ എന്നതില്‍ വരും ദീവസങ്ങളി‍ല്‍ തീരുമാനമുണ്ടാകും. പിഴത്തുക കുറക്കുന്നതില്‍ വ്യക്തതതേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ല. ഓണക്കാലത്ത് നിര്‍ത്തിവച്ച വാഹന പരിശോധന വീണ്ടും തുടങ്ങിയെങ്കിലും ഉയര്‍ന്ന പിഴ ഈടാക്കുന്നില്ല. ഗൗരവമുള്ള നിയമസംഘനങ്ങളില്‍ കേസെടുത്ത് കോടതിക്ക് കൈമാറാനാണ് തീരുമാനം.