എന്തുകാരണത്തിന്‍റെ പേരിലായാലും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന സന്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. വകുപ്പിന്‍റെ ഹ്രസ്വചിത്ര പരമ്പരയിലെ മൂന്നാമത്തേതാണ് മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം.  

ഗതാഗത നിയമലംഘനങ്ങള്‍, അശ്രദ്ധമായ ഡ്രൈവിങ്,  മദ്യപിച്ച് വാഹനമോടിക്കുന്നതിന്‍റ പരിണത ഫലങ്ങള്‍ തുടങ്ങിയവയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ ചിത്രം. ചങ്ങനാശ്ശേരി മീഡിയാ വില്ലേജിന്റെ സഹകരണത്തോടെ നിര്‍മിച്ച ചിത്രത്തില്‍ തമിഴ് സിനിമ താരം കാർത്തിയോടൊപ്പം ബാലതാരം ടൈബ നൂർ, ആകാശ് സിംഗ്, സുരഭി തിവാരി എന്നിവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. 

രാജു എബ്രഹാമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. കേരളത്തിന് പുറമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രം പ്രകാശനം ചെയ്യും. കേരളത്തിലെ തിയേറ്ററുകൾ, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ ഹ്രസ്വചിത്രം ജനങ്ങളിലേക്കെത്തിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.