Asianet News MalayalamAsianet News Malayalam

ഇനി ഹയർ സെക്കന്‍ററി ജയിച്ചാല്‍ ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് വേണ്ട; റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം

ഹയർ സെക്കന്‍ററി സിലബസിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം വരുന്നു. പുസ്കത്തിന്‍റെ പ്രകാശനം മറ്റന്നാൾ നടക്കും. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പാഠപുസ്തകത്തിലുണ്ടാകും.

kerala mvd and education department will introduce textbook to learn road rules
Author
First Published Sep 26, 2022, 9:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി  ഹയർസെക്കന്ററി പരീക്ഷ പാസാകുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസിന് ലേണേഴ്സ് ഒഴിവാകും. ഹയർ സെക്കന്‍ററി സിലബസിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം വരുന്നു. പുസ്കത്തിന്‍റെ പ്രകാശനം മറ്റന്നാൾ നടക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്താൻ നടപടിയെടുക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പാഠപുസ്തകത്തിലുണ്ടാകും.

ഹയർ സെക്കന്‍ററി വിദ്യാർത്ഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28ന് രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി ആർ ചേമ്പറിലാണ് പുസ്തക പ്രകാശന ചടങ്ങ്.

റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമ പ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്‍ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്.

പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios