വിദേശ രാജ്യത്തേക്ക് കയറ്റി അയച്ച ലോറിക്ക് കേരളത്തില്‍ രജിസ്ട്രേഷന്‍ നല്‍കി വിചിത്ര നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഒമ്പതു മാസം മുമ്പ് സിംബാബ്‌വേയിലേക്ക് കയറ്റി അയച്ച ലോറിക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ കയ്യബദ്ധം കാരണം കേരളത്തില്‍ രജിസ്ട്രേഷന്‍ കിട്ടയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

താല്‍ക്കാലിക പെര്‍മിറ്റ് എടുത്തിട്ടുള്ള ബി എസ്4 വാഹനങ്ങള്‍ക്കെല്ലാം ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിച്ച കൂട്ടത്തിലാണ് കയറ്റുമതി ചെയ്‍ത ലോറിക്കും സ്ഥിരം രജിസ്‌ട്രേഷന്‍ കിട്ടിയത്. 2019 ജൂണ്‍ മാസത്തില്‍ തമിഴ്‌നാട്ടിലെ എണ്ണൂര്‍ തുറമുഖത്തുനിന്ന് കപ്പലില്‍ കയറ്റി അയച്ച ലോറിക്ക് സ്ഥിരം രജിസ്ട്രേഷനൊപ്പം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും അബദ്ധത്തില്‍ നല്‍കി എന്നാണ് റിപ്പോര്‍ട്ട്. 

മാര്‍ച്ച് 31 മുമ്പ് വില്‍ക്കുന്ന  ബിഎസ്4 വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനോ പരിശോധനയോ കൂടാതെ ഒറ്റയടിക്ക്  സ്ഥിരം രജിസ്ട്രേഷന്‍ നല്‍കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനമാണ് അബദ്ധത്തിനു കാരണം.  ആദ്യം താത്കാലിക രജിസ്‌ട്രേഷന്‍ കിട്ടയിരുന്നു ഈ ലോറിക്ക്. പിന്നീട് തുടര്‍നടപടിയുണ്ടായില്ല. എന്നാല്‍ പിന്നീട് ഇതറിയാതെ വാഹനത്തിന് രജിസ്‌ട്രേഷന്‍ നല്‍കുകയായിരുന്നു മോട്ടോര്‍വാഹനവകുപ്പ്. അമളി പിണഞ്ഞതിനെത്തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഡീലര്‍ കബളിപ്പിച്ചുവെന്നാരോപിച്ച് വാഹനം കൈപ്പറ്റാതെ കോടതിയെ സമീപിച്ചയാളിന്റെ പേരിലും വാഹനം രജിസ്റ്റര്‍ ചെയ്‍ത് നല്‍കിയെന്നും പരാതിയുണ്ട്. ഇയാള്‍ വാഹനം കൈപ്പറ്റാതെയുള്ള തര്‍ക്കം നടക്കുന്നതിനിടയിലാണ് മോട്ടോര്‍വാഹന വകുപ്പ് ഇയാളുടെ പേരില്‍ വാഹനത്തിന് സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കിയത് എന്നതും കൗതുകകരമായി. 

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുകയായിരുന്നു പതിവ്. ഇതിനുശേഷം വാഹനം പരിശോധനയ്ക്ക് ഹാജരാക്കണം. തുടര്‍ന്ന് രേഖകളും വാഹന എന്‍ജിന്‍, ഷാസി നമ്പറുകളും ഒത്തുനോക്കിയാണ് സ്ഥിരം രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 31നുശേഷം രാജ്യത്ത് ബിഎസ്4 വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വാഹനങ്ങള്‍ക്കെല്ലാം പരിശോധന കൂടാതെ രജിസ്‌ട്രേഷന്‍ അനുവദിക്കുകയായിരുന്നു. ഡീലര്‍മാര്‍ ഹാജരാക്കുന്ന ഫോട്ടോ പരിശോധിച്ച് രജിസ്ട്രേഷന്‍ അനുവദിക്കാനായിരുന്നു നിര്‍ദ്ദേശം. കൊവിഡ്19ന്‍റെ പശ്ചാത്തലത്തിലാണ് വാഹനപരിശോധന ഒഴിവാക്കിയത്. 

ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പരിശോധന ഒഴിവാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് വന്‍ ക്രമക്കേടിനും നികുതി വെട്ടിപ്പിനും വഴി വച്ചേക്കുമെന്നും നേരത്തെ ആശങ്ക ഉയര്‍ന്നിരുന്നു. ആഡംബര വാഹന ഉടമകള്‍ക്ക് നികുതി വെട്ടിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ നീക്കം എന്നായിരുന്നു ആരോപണം.   ആഡംബര വാഹനങ്ങളുടെ വിവിധ മോഡലുകളും വേരിയന്‍റുകളും തമ്മില്‍ ലക്ഷങ്ങളുടെ വിലവ്യത്യാസമുണ്ട്. അതുകൊണ്ടു തന്നെ വിലയ്ക്ക് ആനുപാതികമായി റോഡ് നികുതിയും ഉയരും. പരിശോധന ഒഴിവാക്കിയതോടെ ഏതു മോഡല്‍ വാഹനമാണ് രജിസ്ട്രേഷനെത്തുന്നതെന്ന് കണ്ടെത്താനാകില്ല. വാഹനനിര്‍മാതാവാണ് വില രേഖപ്പെടുത്തേണ്ടത്. വാഹനത്തിന്റെ യഥാര്‍ഥ വില മറച്ചുവെച്ച് കുറഞ്ഞവില രേഖപ്പെടുത്തിയ രേഖകള്‍ ഹാജരാക്കി നികുതി വെട്ടിക്കാന്‍ ഇതോടെ എളുപ്പമായിരുന്നു. 

എന്തായാലും പുതിയ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അതിര്‍ത്തികടന്നതും നാശോന്മുഖമായതുമായ നിരവധി വാഹനങ്ങള്‍ ഇങ്ങനെ രജിസട്രേഷന്‍ നേടിയെതുന്നു എന്ന കാര്യത്തില്‍ ആശങ്ക ഉയരുന്നുണ്ട്.