Asianet News MalayalamAsianet News Malayalam

കയര്‍ കൊണ്ട് താങ്ങിനിർത്തിയ മഡ്‍ഗാർഡ്, ഓടിപ്പഴകി തുരുമ്പെടുത്ത വണ്ടിയോടിച്ച് പണി കിട്ടി കേരള പൊലീസ്

മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകി. ആ വാഹനമാണ് ഇന്നലെ അപകടത്തിൽപെട്ടത്.

kerala police vehicles pathetic condition SSM
Author
First Published Oct 17, 2023, 10:14 AM IST

കണ്ണൂര്‍: ഓടിപ്പഴകിയ വാഹനങ്ങൾ ഒഴിവാക്കാതെ പൊലീസ്. മൂന്ന് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയ ശേഷം കണ്ണൂർ ടൗൺ പൊലീസ് ഒഴിവാക്കിയ വണ്ടി വീണ്ടും എ ആർ ക്യാമ്പിലേക്ക് നൽകി. ആ വാഹനമാണ് ഇന്നലെ അപകടത്തിൽപെട്ടത്. സ്പെയർ പാർട്സുകൾ വാങ്ങാൻ ഫണ്ട്‌ പാസാകാത്തതിനാൽ മിക്കയിടത്തും വണ്ടികൾ കട്ടപ്പുറത്തുമാണ്.

പ്ലാസ്റ്റിക് കയറ് കൊണ്ട് താങ്ങിനിർത്തിയ മഡ്‍ഗാർഡിലുണ്ട് പൊലീസ് സേനയുടെ പരിമിതിയും ഗതികേടും. ഇങ്ങനെയൊക്കെ ഓടുന്നുവെന്ന് നാട്ടുകാർക്ക് മനസ്സിലായത് അപകടത്തിൽപ്പെട്ടതുകൊണ്ടാണ്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ മൂന്ന് ലക്ഷം കിലോമീറ്ററിലധികം ഓടിയ ശേഷം ഉപേക്ഷിച്ച വണ്ടി. ഓടിപ്പഴകിയിട്ടും തുരുമ്പെടുത്തു തുടങ്ങിയിട്ടും എ ആർ ക്യാമ്പിൽ വണ്ടി വീണ്ടുമോടി. മെസ് ഡ്യൂട്ടിക്ക് നൽകാൻ വേറെ വണ്ടിയില്ലാത്തത് കൊണ്ട് കയറുകെട്ടിയും ഓടി. അങ്ങനെയാണ് അപകടത്തിൽപ്പെടുന്നതും.

സമയത്ത് അറ്റകുറ്റപ്പണി നടക്കുന്നില്ല. പണിക്ക് കയറ്റിയാലും പകരം വണ്ടി നൽകാനില്ല. അറ്റകുറ്റപ്പണിക്ക് കയറ്റിയ കണ്ണൂർ ടൗൺ സ്റ്റേഷനിലെ വണ്ടി സ്പെയർ പാട്സ് വാങ്ങാൻ പണം പാസാകാത്തതുകൊണ്ട് വർക്ക് ഷോപ്പിൽ തന്നെ കിടക്കുകയാണ്. മാത്രമല്ല കടകളിൽ കുടിശ്ശികയുമുണ്ട്.

ടെസ്റ്റ് ഇല്ലാതെ പുതുക്കി നൽകിയത് 2500ലേറെ ഡ്രൈവിംഗ് ലൈസൻസ്, കൈക്കൂലി 5000 രൂപ, ഉദ്യോഗസ്ഥർക്ക് പിടിവീണു

വർക്ക് ഷോപ്പിൽ വണ്ടിയിടാൻ ഷെഡില്ല. തുക വകയിരുത്തും വരെ മഴയും വെയിലുമേറ്റ് കിടക്കണം. ജീവൻ പണയം വെച്ചാണ് ഓട്ടം. അപകടമുണ്ടായാൽ പൊലീസുകാരിൽ നിന്ന് തന്നെ തുകയീടാക്കും. പഴകിയ വണ്ടിയോടിച്ച് പണി കിട്ടുന്നതിൽ സേനക്കുളളിലും അമർഷമുണ്ട്.

പെട്രോൾ‌ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി

കണ്ണൂരിൽ പെട്രോൾ‌ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറി. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. കളക്ടറേറ്റിന് മുന്നിലെ പെട്രോൾ പമ്പിലേക്കാണ് ഇടിച്ചു കയറിയ ജീപ്പ് ബാരിക്കേഡ് തകർത്ത്, പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിന്റെ പിന്നിലിടിക്കുകയും ചെയ്തു. ഓടി മാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അവിടെയുണ്ടായിരുന്ന ആളുകൾ പറഞ്ഞു.

നിയന്ത്രണം വിട്ട ജീപ്പ് ആദ്യം ബാരിക്കേഡ് മറികടന്നു. പിന്നീട് സിറ്റി ട്രാഫിക് പൊലീസിന്‍റെ ബാരിക്കേഡും തകര്‍ത്താണ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയത്. ഇന്ധനം നിറച്ചു കൊണ്ടിരുന്ന കാറിലിടിച്ച്, ഇന്ധനം നിറക്കുന്ന യന്ത്രമുള്‍പ്പെടെ തകര്‍ത്താണ് പൊലീസ് ജീപ്പ് നിന്നത്.
 

Follow Us:
Download App:
  • android
  • ios