സെല്‍റ്റോസ് എന്ന വാഹനവുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹനനിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിയിട്ട് കൊല്ലമൊന്ന് തികയുന്നതേയുള്ളൂ. ചുവടുപിഴയ്‍ക്കാതെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതോടെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുകയാണ് കിയ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കിയ ഇന്ത്യയുടെ അനന്തപൂരിലെ പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപമെത്തിക്കുന്നത്.  കൂടുതല്‍ എസ്‌യുവികള്‍ നിരത്തുകളിലെത്തിക്കുന്നതിനായി പ്ലാന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി 54 മില്ല്യണ്‍ ഡോളറിന്റെ (എകദേശം 409 കോടി രൂപ) നിക്ഷേപമാണ് ആന്ധ്ര പ്രദേശിലെ ഈ പ്ലാന്റിലേക്ക് എത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കിയ ഇന്ത്യ സിഇഒ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്ലാന്റിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കിയയുടെ അനന്ത്പൂര്‍ പ്ലാന്റിലെ ജീവനക്കാരില്‍ 85 ശതമാനവും ആ പ്രദേശങ്ങളില്‍ തന്നെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. വിപണിയിലെത്തി അഞ്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകള്‍ സ്വീകരിച്ച് ഈ സെഗ്മെന്റില്‍ ഏറ്റവും ഡിമാന്റുള്ള വാഹനം എന്ന അംഗീകാരം സ്വന്തം പേരിലാക്കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റയുടെയും റെനോ ഡസ്റ്ററിന്റെയും കുത്തകയാണ് തകര്‍ത്തത്. 

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX+ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലും HTX 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുമാണ് ഏറ്റവുമധികം ആളുകള്‍ ബുക്കു ചെയ്തിരിക്കുന്നത്. ഇതിലെ പെട്രോള്‍ വേരിയന്റില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഡീസല്‍ വേരിയന്റില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനുമാണ് ഉയര്‍ന്ന ഡിമാന്റുള്ളത്. 

കിയയുടെ ഇന്ത്യയിലെ രണ്ടാമനായ കാര്‍ണിവലിനും മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിക്കുന്നത്. ഇന്ത്യൻ എംയുവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായി കിയയുടെ കാര്‍ണിവല്‍ എത്തിയത്. ഫെബ്രുവരിയിൽ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ കിയ മോട്ടോർസ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ പ്രീമിയം കാർണിവൽ എംപിവിയെ പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് വാഹനത്തിന്‍റെ നാലാം തലമുറ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കിയ മോട്ടോഴ്‌സ്.

കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമനായ സബ്-കോംപാക്ട് എസ്‌യുവി സോണറ്റിന്‍റെ അവതരണവും ഉടന്‍ നടന്നേക്കും. ജൂണ്‍ മാസത്തില്‍ നിരത്തിലെത്തേണ്ട ഈ വാഹനത്തിന്റെ വരവ് ഉത്സവ സീസണിലേക്ക് നീട്ടിയിരിക്കുകയാണ്. കൊറോണ  ഭീഷണിയെ തുടര്‍ന്നാണ് വാഹനത്തിന്‍റെ അവതരണം നീട്ടിയത്. 

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് കിയ സോണറ്റ് പ്രദര്‍ശനത്തിനെത്തിയത്. ഇതിനുപിന്നാലെ ഈ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങളും പലപ്പോഴായി പുറത്തുവന്നിരുന്നു. ഓരോ ആറ് മാസത്തിലും പുതിയ മോഡലുകളെത്തിക്കുമെന്ന കിയയുടെ ഉറപ്പനുസരിച്ച് ജൂണ്‍ മാസത്തിന് മുമ്പ് എത്തുമെന്നായിരുന്നു പ്രതീക്ഷ.