Asianet News MalayalamAsianet News Malayalam

90 ദിവസം, വിറ്റത് 25,000 സോണറ്റുകള്‍; കണ്ണുനിറഞ്ഞ് കിയ, കണ്ണുമിഴിച്ച് വാഹനലോകം!

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25000-ത്തില്‍ അധികം സോണറ്റുകള്‍ വിറ്റഴിച്ച് കിയ ഇന്ത്യ

Kia Sonet SUV clocks more than 25,000 units in the first three months of 2021
Author
Mumbai, First Published Apr 29, 2021, 10:26 AM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ മൂന്നാമത്തെ വാഹനമായ സോണറ്റിനെ 2020 സെപ്റ്റംബര്‍ 18-നാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. അന്നുമുതല്‍ ജനപ്രിയ മോഡലായി കുതിക്കുകയാണ് സോണറ്റ്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 25000-ത്തില്‍ അധികം സോണറ്റുകള്‍ വിറ്റഴിച്ചെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക് ലൈന്‍, ജി.ടി ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി HTE, HTK, HTK+, HTX, HTX+, GTX+ എന്നീ വേരിയന്റുകളിലാണ് സോണറ്റ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സോണറ്റ് വിപണിയിൽ എത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഇന്റലിജെന്റ് മാനുവല്‍ (ഐ.എ.ടി) എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്‍മിഷന്‍. നിരവധി സുരക്ഷ ഫീച്ചറുകള്‍ക്കൊപ്പം 57-ഓളം കണക്ടിവിറ്റി ഫീച്ചറുകളുമായാണ് സോണറ്റ് എത്തിയിട്ടുള്ളത്. കിയ സോണറ്റ് എസ്‌യുവിയുടെ 7 സീറ്റര്‍ വേര്‍ഷന്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന 5 സീറ്റര്‍ കിയ സോണറ്റ് സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ (നാല് മീറ്ററില്‍ താഴെ നീളം, 3995 എംഎം) അതേ ഡിസൈന്‍, സ്റ്റൈലിംഗ് എന്നിവ കിയ സോണറ്റ് 7 സീറ്ററിനും നല്‍കിയിരിക്കുന്നു.

വളരെ സ്പോർട്ടിയും അഗ്രസീവുമായ രൂപകൽപ്പനയാണ് കിയ സോണറ്റിനുള്ളത്. നിർമ്മാതാക്കളുടെ സിഗ്നേച്ചർ ടൈഗർ നോസ് ഗ്രില്ല്, ഇരു വശത്തുമായി ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള ക്രൗൺ-ജുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്തെ ആകർഷകമാക്കുന്നു.

ഡ്യുവൽ-ടോൺ അലോയി വീലുകൾ, റൂഫ് റെയിലുകൾ, ചങ്കി ബോഡി ക്ലാഡിംഗ് എന്നിവയും വാഹനത്തിൽ ഒരുക്കിയിരിക്കുന്നു. അഗ്രസ്സീവായി കാണപ്പെടുന്ന ഫ്രണ്ട് ഫാസിയയുമായി കിയ കോംപാക്ട്-എസ്‌യുവിക്ക് ഗംഭീരമായ ക്യാരക്ടർ നൽകി. പിന്നിൽ ഇന്റഗ്രേറ്റഡ് സ്പോയിലറും ഹാർട്ട്ബീറ്റ് എൽഇഡി ടെയിൽ ലാമ്പുകളും, ഇരു ടെയിൽ ലാമ്പുകളെ ബന്ധിപ്പിക്കുന്ന എൽഇഡി ലൈറ്റ് ബാറുമായിട്ടാണ് വാഹനം എത്തുന്നത്. 

കിയ മോട്ടോഴ്‌സിന്റെ റീ-ബ്രാന്റിങ്ങിന്റെ ഭാഗമായി പുത്തന്‍ ലോഗോയുമായി വിപണിയിൽ എത്താനുള്ള തയ്യാറെടുപ്പിലാണ് കിയ സോണറ്റ്. പല സ്ഥലങ്ങളിലും പുതിയ ലോഗോ പതിപ്പിച്ച സോണറ്റ് പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിടി ലൈന്‍, ടെക് ലൈന്‍ എന്നീ രണ്ട് വേരിയന്റുകളിലാണ് സോണറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios