Asianet News MalayalamAsianet News Malayalam

ഇത് ചെറിയ കളിയല്ലെന്ന കിയ, വരുന്നൂ മൂന്നാമനും

നിലവില്‍ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയിരിക്കുന്ന എസ്‌യുവി ഈ വര്‍ഷം രണ്ടാം പകുതിയില്‍ പുറത്തിറക്കും. കിയ സോണറ്റ് എന്നായിരിക്കും പുതിയ എസ്‌യുവിയുടെ പേര് 

Kia Sonet SUV Confirmed For 2020 Launch
Author
Mumbai, First Published Jan 7, 2020, 3:10 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ മൂന്നാമനെ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ വിപണിയില്‍ നാല് മീറ്ററില്‍ താഴെ നീളമുള്ള (സബ്-4 മീറ്റര്‍) എസ്‌യുവി അവതരിപ്പിക്കുമെന്ന്  കമ്പനി സ്ഥിരീകരിച്ചു. നിലവില്‍ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയിരിക്കുന്ന എസ്‌യുവി ഈ വര്‍ഷം രണ്ടാം പകുതിയില്‍ പുറത്തിറക്കും. കിയ സോണറ്റ് എന്നായിരിക്കും പുതിയ എസ്‌യുവിയുടെ പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോണറ്റ് എന്ന നെയിംപ്ലേറ്റിന്റെ ട്രേഡ്മാര്‍ക്ക് അവകാശം ഇതിനകം വിവിധ രാജ്യങ്ങളില്‍ കിയ മോട്ടോഴ്‌സ് നേടിയിട്ടുണ്ട്. 

കിയ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവി ആയിരിക്കും സോണറ്റ്. 2020 ആഗസ്റ്റ് മാസത്തോടെയായിരിക്കും വിപണിയിലെത്തുന്നത്. കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനം സെല്‍റ്റോസ് ആണ്. രണ്ടാമനായ കാര്‍ണിവലിനെ ഫെരബ്രുവരി 5ന് അവതരപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 

ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയാണ് കിയ. അതുകൊണ്ടു തന്നെ പ്ലാറ്റ്‌ഫോം, എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ എന്നിവ ഹ്യുണ്ടായി വെന്യുവില്‍ നിന്ന് കടമെടുത്തായിരിക്കും കിയ QYi അഥവാ സോണറ്റ് എത്തുക. എതിരാളികളികളുടെ ഡിസൈനില്‍നിന്ന് മാറി പ്രീമിയം വാഹനങ്ങളോട് കിടപിടിക്കുന്ന സ്‌റ്റൈലും സൗകര്യങ്ങളും ഈ വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചനകള്‍. 

ഹ്യുണ്ടായ് വെന്യൂ എസ്‌യുവിയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും കിയ ക്യുവൈഐ നിര്‍മിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, മെക്കാനിക്കല്‍ സൗദൃശ്യങ്ങളും ഉണ്ടായേക്കാം. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും, 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും. ഡീസല്‍ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 220 എന്‍എം ടോര്‍ക്കുമായിരിക്കും ഉല്‍പാദിപ്പിക്കുക. അതോടൊപ്പം തന്നെ ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്സും, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ളച്ചും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് തുടങ്ങി ട്രാന്‍സ്മിഷനുകളും നല്‍കിയേക്കും.

സ്‌റ്റൈലിംഗ് പരിഗണിച്ചാല്‍, സെല്‍റ്റോസ്, സ്‌റ്റോണിക് വാഹനങ്ങളിലെ ചില ഡിസൈന്‍ സൂചകങ്ങള്‍ക്ക് സാധ്യത കാണുന്നു. ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം എല്‍ഇഡി ഹെഡ്‌ലാംപുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, സ്ലോപ്പിംഗ് റൂഫ്‌ലൈന്‍ എന്നിവ പുറമേ കാണാന്‍ കഴിഞ്ഞേക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഉവോ കണക്റ്റ് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ കാബിന്‍ വിശേഷങ്ങളായിരിക്കും. സെല്‍റ്റോസിലെ കണക്ടിവിറ്റി, സുരക്ഷ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുമുണ്ടാകും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.

മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോ സ്‌പോട്ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, വരാനിരിക്കുന്ന  റെനോ എച്ച്ബിസി തുടങ്ങിയ വാഹനങ്ങളായിരിക്കും സോണറ്റിന്റെ മുഖ്യ എതിരാളികള്‍. വാഹനത്തിന്‍റെ പ്രൊഡക്ഷന്‍ പതിപ്പ് ഫെബ്രുവരിയില്‍ നടക്കുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തും. നിരത്തിലെത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങളും ആരംഭിച്ചതായാണ് സൂചന. ഏഴ് ലക്ഷത്തിനും 11.5 ലക്ഷത്തിനുമിടയില്‍ എക്‌സ് ഷോറൂം വിലയില്‍ 2020-ന്റെ രണ്ടാം പകുതിയില്‍ സോണറ്റിനെ ഇന്ത്യന്‍ നിരത്തുകളില്‍ പ്രതീക്ഷിക്കാം. 

അതേസമയം നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. 2019 ഓഗസ്റ്റ് 22നാണ് ആദ്യവാഹനമായ സെല്‍റ്റോസിനെ കിയ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. രണ്ടാമനായ കാര്‍ണിവലിന് മുഖ്യ എതിരാളിയാകുന്നത് ഇന്നോവ ക്രിസ്റ്റയാണ്. 

Follow Us:
Download App:
  • android
  • ios