ഓസ്ട്രിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎമ്മിന്‍റെ 790 ഡ്യൂക്ക് ഇന്ത്യയിലെത്തി. 8.64 ലക്ഷം രൂപയാണ് രാജ്യത്തെ എക്‌സ്‌ഷോറൂം വില. 

799 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. 9000 ആര്‍പിഎമ്മില്‍ 103 ബിഎച്ച്പി പവറും 8000 ആര്‍പിഎമ്മില്‍ 87 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

സ്‌പോര്‍ട്ട്, സ്ട്രീറ്റ്, റെയിന്‍, ട്രാക്ക് എന്നീ നാല് ഡ്രൈവിങ് മോഡലുകളും പുതിയ ഡ്യൂക്കിനുണ്ട്. 2128 എംഎം നീളവും 1475 എംഎം വീല്‍ബേസുമുണ്ട്. 17 ഇഞ്ചാണ് അലോയി വീലുകള്‍.  14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 169 കിലോഗ്രാമാണ് ഭാരം മുന്നില്‍ 43 എംഎം അപ്പ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന് നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റും വാഹനത്തെ വേറിട്ടതാക്കുന്നു. 300 എംഎം ഡിസ്‌കും പിന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷ. സ്വിച്ചമ്പിള്‍ കോര്‍ണറിങ് എബിഎസ്, മോട്ടോ സ്ലിപ്പ് റെഗുലേഷനോടുകൂടിയ ക്വിക്ക്ഷിഫ്റ്റര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 

ഡുക്കാട്ടി മോണ്‍സ്റ്റര്‍, ട്രയംഫ്  സ്ട്രീറ്റ് ട്രിപ്പിള്‍, ഹോണ്ട സിബിആര്‍ 650ആര്‍ തുടങ്ങിയവരാണ് ഇന്ത്യയില്‍ ഇതിന്റെ പ്രധാന എതിരാളികള്‍. ആദ്യ ഘട്ടത്തില്‍ പുണെ, സൂറത്ത്, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിലാണ് വാഹനം ലഭ്യമാവുക. ഈ വര്‍ഷം 790 ഡ്യൂക്കിന്റെ ലിമിറ്റഡ് നമ്പര്‍ യൂണിറ്റുകള്‍ മാത്രമേ വിപണിയിലെത്തുകയുള്ളു. 2020ല്‍ കൂടുതല്‍ യൂണിറ്റുകളെത്തും.