ഇറ്റാലിയൻ സൂപ്പര്‍ കാർ നിർമാതാക്കളായ ലംബോർഗിനി ഉറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡർ എന്ന പുതിയ മോഡലിന്റെ ഡിജിറ്റൽ സ്റ്റാമ്പ്  പുറത്തിറക്കി. ബിറ്റ്സ്റ്റാമ്പ്സുമായി ചേർന്നാണ് കമ്പനിയുടെ സ്റ്റാമ്പ് പുറത്തിറക്കിയത്. 

പ്രത്യേകം വികസിപ്പിച്ച ആപ്പ് വഴി റിയർ വീൽ ഡ്രൈവ് കൺവെർട്ടിബിളിന്റെ ഡിജിറ്റൽ സ്റ്റാമ്പ് വാങ്ങാൻ കഴിയും. ബിറ്റ്സ്റ്റാമ്പ്സ് ആപ്പ് വഴി ഡിജിറ്റൽ സ്റ്റാമ്പ് ഡൗൺലോഡ് ചെയ്യാം. 20,000 എണ്ണം മാത്രമാണ് ലഭ്യമാക്കുന്നത്. ഓരോന്നിലും നമ്പർ ഉണ്ടായിരിക്കും. പേപ്പർ സ്റ്റാമ്പ് പോലെ വാങ്ങാനും സൂക്ഷിച്ചുവെയ്ക്കാനും വിൽക്കാനും കഴിയും.

കഴിഞ്ഞയാഴ്ച്ചയാണ് ലംബോർഗിനി തങ്ങളുടെ ഉറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡർ അനാവരണം ചെയ്തത്. 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് വി10 എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 602 ബിഎച്ച്പി പരമാവധി കരുത്തും 560 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 7 സ്പീഡ് എൽഡിഎഫ് (ലംബോർഗിനി ഡോപ്പിയ ഫ്രിസിയോണി) ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് പിൻ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കുന്നത്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 3.5 സെക്കൻഡ് മതി. മണിക്കൂറിൽ 324 കിലോമീറ്ററാണ് ടോപ് സ്പീഡ്. സ്ട്രാഡ, സ്പോർട്ട്, കോഴ്സ എന്നിവയാണ് സ്പോർട്സ് കാറിന്റെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ.

മുന്നിൽ പൂർണമായും പുതിയ സ്പ്ലിറ്റർ, പിറകിൽ പുതിയ ഡിഫ്യൂസർ, ഗ്ലോസി ബ്ലാക്ക് ബംപർ എന്നിവ കാണാം. റൂഫ് മടക്കുന്നതിന് ഇലക്ട്രോ ഹൈഡ്രോളിക്  പ്രവർത്തനരീതിയാണ് അവലംബിക്കുന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലാണെങ്കിൽ ഫാബ്രിക് സോഫ്റ്റ് ടോപ്പ് താഴ്ത്തുന്നതിന് 17 സെക്കൻഡ് മതി. 2 സീറ്റ്  കാബിനിൽ അൽകാന്ററ തുകൽ ഉപയോഗിച്ചു. 8.4 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം ലംബമായി സ്ഥാപിച്ചു. ആപ്പിൾ കാർപ്ലേ, ആമസോൺ അലെക്സ വോയ്സ് റെക്കഗ്നിഷൻ എന്നിവ നൽകി. എന്നാൽ ആൻഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭ്യമല്ല.
--------------
ഫേസ് ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായ് ഇലാന്‍ട്രയുടെ എസ് എന്ന ബേസ് വേരിയന്റ് ഒഴിവാക്കി. ഇനി എസ്എക്‌സ് എംടി, എസ്എക്‌സ് എടി, എസ്എക്‌സ്(ഒ) എടി എന്നീ മൂന്ന് വേരിയന്റുകളില്‍ മാത്രമായിരിക്കും പരിഷ്‌കരിച്ച ഹ്യുണ്ടായ് ഇലാന്‍ട്ര ലഭിക്കുന്നത്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന എക്‌സിക്യൂട്ടീവ് സെഡാന്‍ എന്ന പെരുമ ഹ്യുണ്ടായ് ഇലാന്‍ട്ര നഷ്ടപ്പെടുത്തി. ഹോണ്ട സിവിക്കിന് ഇനി ഈ വിശേഷണം നല്‍കാം. ഹ്യുണ്ടായ് ഇലാന്‍ട്രയുടെ ഇപ്പോഴത്തെ ഇന്ത്യ എക്‌സ് ഷോറൂം വില 18.49 ലക്ഷം (എസ്എക്‌സ് മാന്വല്‍) മുതല്‍ 20.39 ലക്ഷം (എസ്എക്‌സ്(ഒ) ഓട്ടോമാറ്റിക്) രൂപ വരെയാണ്.

2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഹ്യുണ്ടായ് ഇലാന്‍ട്ര ലഭിക്കുന്നത്. ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ വൈകാതെ ലഭ്യമാകും. ഹ്യുണ്ടായ് ക്രെറ്റ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ ആയിരിക്കും ഇലാന്‍ട്രയില്‍ നല്‍കുന്നത്. ഈ എന്‍ജിന്‍ 114 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മാന്വല്‍, ഓട്ടോമാറ്റിക് (6 സ്പീഡ്) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.

നിലവില്‍ ഹ്യുണ്ടായ് ഇലാന്‍ട്രയുടെ എതിരാളി ഹോണ്ട സിവിക് മാത്രമാണ്. സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ നിര്‍ത്തിയിരുന്നു. അടുത്ത തലമുറ ഒക്ടാവിയ അടുത്ത വര്‍ഷം അവതരിപ്പിക്കും.