നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ ഇന്ത്യയിൽ നിർമ്മിച്ച മാഗ്നൈറ്റിനെ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ്(LHD) വിപണികളിലേക്കുള്ള കയറ്റുമതി ആരംഭിച്ചു. ലാറ്റിൻ അമേരിക്കയിലെ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഈ മോഡൽ ഇപ്പോൾ ലോകമെമ്പാടുമുള്ള 65 ലധികം വിപണികളിൽ ലഭ്യമാകും.
ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ മോട്ടോർ ഇന്ത്യ തങ്ങളുടെ ഇന്ത്യയിൽ നിർമ്മിച്ച മാഗ്നൈറ്റിനെ ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ്(LHD) വിപണികളിലേക്കുള്ള കയറ്റുമതി ഔദ്യോഗികമായി ആരംഭിച്ചു. 2025 ജനുവരിയിൽ തിരഞ്ഞെടുത്ത വിപണികളിലേക്ക് 2,900 യൂണിറ്റുകൾ നിസാൻ മാഗ്നൈറ്റ് അയച്ചു. ചെന്നൈയ്ക്കടുത്തുള്ള കാമരാജർ തുറമുഖത്ത് നിന്നാണ് കയറ്റുമതി നടത്തിയത്.
അർജന്റീന, ബൊളീവിയ, ബ്രസീൽ, മധ്യ അമേരിക്ക, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ഉറുഗ്വേ തുടങ്ങിയ വിപണികൾ ഉൾപ്പെടെ ലാറ്റിൻ അമേരിക്കയിലെ (LATAM) രാജ്യങ്ങളിലേക്കാണ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (LHD) മോഡൽ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.
2024 ഒക്ടോബറിലാണ് പുതിയ മാഗ്നൈറ്റ് കമ്പനി പുറത്തിറക്കിയത്. 71 ബിഎച്ച്പിയും 96 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, 99 ബിഎച്ച്പിയും 160 എൻഎമ്മും വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് പുറത്തിറക്കിയത്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, സിവിടി എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
'മെയ്ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്ന കമ്പനിയുടെ കാഴ്ചപ്പാടുമായി ഈ വിപുലീകരണം യോജിക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ലോകോത്തര നവീകരണം, സുരക്ഷ, മൂല്യം എന്നിവ ഉറപ്പാക്കുന്നുവെന്നും നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. പ്രാദേശിക വൈദഗ്ധ്യവുമായി സംയോജിപ്പിച്ച ജാപ്പനീസ് എഞ്ചിനീയറിംഗിന്റെ ഏറ്റവും മികച്ച മോഡലാണ് മാഗ്നൈറ്റ്.
ഈ മോഡൽ ഇപ്പോൾ ലോകമെമ്പാടുമുള്ള 65 ലധികം വിപണികളിൽ ലഭ്യമാകും. ദക്ഷിണാഫ്രിക്ക പോലുള്ള ആർഎച്ച്‌ഡി വിപണികൾ ഉൾപ്പെടെ പുതിയ മാഗ്നറ്റ് ലഭ്യമാകും. ഈ മാസത്തോടെ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ലാറ്റാം, ഏഷ്യ പസഫിക് മേഖലകളിലെ വിപണികളിലേക്ക് 7,100 യൂണിറ്റിലധികം കയറ്റുമതി ചെയ്യാനും നിസാൻ പദ്ധതിയിടുന്നു. ഫെബ്രുവരി അവസാനത്തോടെ ബ്രാൻഡ് എൽഎച്ച്‌ഡി മാഗ്നൈറ്റിന്റെ 10,000 യൂണിറ്റിലധികം കയറ്റുമതി ചെയ്യും.
നിസാൻ മാഗ്നൈറ്റ് ആറ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഈ എസ്‌യുവി വരുന്നത്. ഇതിന് 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ (5-സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സ്) ലഭിക്കുന്നു. ഇതിനുപുറമെ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും (5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്സ്) ലഭ്യമാണ്. ഇന്ത്യയിൽ നിർമ്മിച്ച നിസാൻ മാഗ്നൈറ്റ് ഒരു ബജറ്റ് സൗഹൃദ എസ്‌യുവി എന്ന നിലയിൽ ലോകമെമ്പാടും സ്ഥാനം പിടിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും ഇതിന് പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കമ്പനിയുടെ ഈ തന്ത്രം അന്താരാഷ്ട്ര വിപണിയിൽ നിസ്സാന് വലിയ വിജയമായി മാറും എന്നാണ് റിപ്പോർട്ടുകൾ.

