ടൊയോട്ടയുടെ ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്‌സസ് ഇതുവരെ ആഗോളതലത്തില്‍  ഇരുപതു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു


ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ കീഴിലെ ആഡംബര കാര്‍ നിര്‍മാതാക്കളാണ് ലെക്‌സസ്. കമ്പനി ഇതുവരെ ആഗോളതലത്തില്‍ ഇരുപതു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ വിറ്റതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2005 ലാണ് ലെക്‌സസ് ആര്‍എക്‌സ്400എച്ച് ഹൈബ്രിഡ് വാഹനം അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് നിരവധി ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എച്ച്ഇവി) വിപണിയിലെത്തിച്ചു. 

2020 ല്‍ കമ്പനി വിറ്റ ആകെ വാഹനങ്ങളുടെ മൂന്നിലൊന്ന് ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ വിപണിയില്‍, കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുടെ 20 ശതമാനം ഇലക്ട്രിക് വാഹനങ്ങളാണ്. കൂടാതെ, വില്‍പ്പന നടത്തിയ ഇലക്ട്രിക് വാഹനങ്ങളുടെ 25 ശതമാനത്തോളം ആര്‍എക്‌സ് ബാഡ്ജ് നല്‍കിയ വാഹനങ്ങളാണ്.

ലെക്‌സസ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് യുഎസിലാണ്. തൊട്ടുപിറകില്‍ യൂറോപ്പ്. ലെക്‌സസിന്റെ ആകെ വില്‍പ്പനയുടെ പകുതിയിലധികം ഈ രണ്ട് വിപണികളിലാണ്. 2017 ലാണ് ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. നിലവില്‍ എന്‍എക്‌സ് 300എച്ച്, ആര്‍എക്‌സ് 450എച്ച്എല്‍, ഇഎസ് 300എച്ച്, എല്‍എസ് 500എച്ച്, എല്‍സി 500എച്ച് എന്നീ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. ഇവയില്‍ ഏറ്റവും താങ്ങാവുന്ന മോഡല്‍ 56.55 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുള്ള ഇഎസ് 300എച്ച് ആഡംബര സെഡാനാണ്. ലെക്‌സസ് എല്‍സി 500എച്ച് 2 ഡോര്‍ കൂപ്പെയാണ് ഏറ്റവും വിലപ്പിടിപ്പുള്ളവന്‍. 2.09 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില.

ഭാവിയിലെ ഇലക്ട്രിക് മോഡലുകളില്‍ ഡയറക്റ്റ് 4, സ്റ്റിയര്‍ ബൈ വയര്‍ സംവിധാനങ്ങള്‍ നല്‍കുമെന്ന് ലെക്‌സസ് അറിയിച്ചു. ടോര്‍ക്ക് വെക്ടറിംഗ് സഹിതം 4 വീല്‍ ഡ്രൈവ് സിസ്റ്റത്തിന് ലെക്‌സസ് നല്‍കിയ പേരാണ് ഡയറക്റ്റ് 4. നിലവിലേതിനേക്കാള്‍ മികച്ച ഹാന്‍ഡ്‌ലിംഗ്, കൂടുതല്‍ റെസ്‌പോണ്‍സീവ് റൈഡ് എന്നിവ ലഭിക്കുന്നതായിരിക്കും ഈ രണ്ട് ഫീച്ചറുകളെന്ന് ലെക്‌സസ് പ്രസ്താവിച്ചു.

നിലവില്‍ ലോകത്തെ 90 ലധികം രാജ്യങ്ങളിലും മേഖലകളിലുമായി എച്ച്ഇവി, ബിഇവി (ബാറ്ററി ഇലക്ട്രിക് വാഹനം) വിഭാഗങ്ങളിലായി ഒമ്പത് ഇലക്ട്രിക് മോഡലുകളാണ് വില്‍ക്കുന്നത്. 2025 ഓടെ പുതിയതും പരിഷ്‌കരിച്ചതുമായ 20 മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഇവയില്‍ പത്തിലധികം ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍(ബിഇവി), പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (പിഎച്ച്ഇവി), ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ (എച്ച്ഇവി) എന്നിവ ഉണ്ടായിരിക്കും. ഈ വര്‍ഷം ആദ്യ ആഡംബര പിഎച്ച്ഇവി അവതരിപ്പിക്കും. അടുത്ത വര്‍ഷം പുതിയ ബിഇവി പുറത്തിറക്കും. 2019 ലാണ് ലെക്‌സസിന്റെ ആദ്യ ഓള്‍ ഇലക്ട്രിക് വാഹനമായ യുഎക്‌സ് 300ഇ അവതരിപ്പിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona