10 ലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു. ടാറ്റ പഞ്ച് ഇവി, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO ഇവി, റെനോ കിഗർ, മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ് എന്നിവയാണ് പുതിയ മോഡലുകൾ.

നിങ്ങൾ ഉടൻ തന്നെ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ, ഉടൻ തന്നെ നിങ്ങൾക്കായി അഞ്ച് പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ ഒരുങ്ങുന്നുണ്ട്. 10 ലക്ഷം രൂപയിൽ താഴെ വിലയിൽ വരുന്ന അഞ്ച് മോഡലുകളാണ് എത്താൻ ഒരുങ്ങുന്നത്. നൂതന സുരക്ഷാ സവിശേഷതകളോടെ അടുത്ത ആറുമുതൽ 12 മാസത്തിനുള്ളിൽ ഈ മോഡലുകൾ എത്തും. അവയെക്കുറിച്ച് അറിയാം.

ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്

ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ ജനപ്രിയ എസ്‌യുവി പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കും. കാറിന്റെ വലുപ്പത്തിൽ മാറ്റമൊന്നുമില്ല. കാറിന്റെ എക്സ്റ്റീരിയ‍ർ ഡിസൈനിലും ഇന്റീരിയറിലും നിരവധി നവീകരിച്ച സവിശേഷതകൾ ലഭിക്കും എന്നാണ് റിപ്പോ‍ട്ടുകൾ.

പുതിയ ഹ്യുണ്ടായി വെന്യു

ഹ്യുണ്ടായിയുടെ ഈ ജനപ്രിയ കാറിന്റെ അടുത്ത തലമുറ മോഡൽ ഈ വർഷം ഉത്സവ സീസണിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്. ഈ കോം‌പാക്റ്റ് എസ്‌യുവിയുടെ രൂപകൽപ്പനയിൽ മാറ്റമുണ്ടാകാം. പക്ഷേ എഞ്ചിനിൽ ഒരു മാറ്റവും പ്രതീക്ഷിക്കുന്നില്ല. അതേസമയം ഏറ്റവും വലിയ നവീകരണം സുരക്ഷയ്ക്കായി ലെവൽ 2 എഡിഎഎസ് സവിശേഷതകൾ ഈ കാറിൽ ചേർക്കും എന്നതാണ്.

മഹീന്ദ്ര XUV 3XO ഇവി

മഹീന്ദ്ര ഉടൻ തന്നെ XUV 3XO യുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കിയേക്കും. കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയിൽ XUV400 ന് താഴെയായിട്ടായിരിക്കും ഈ വാഹനം എത്തുക. ഈ വരാനിരിക്കുന്ന കോംപാക്റ്റ് ഇവി ടാറ്റ പഞ്ച് ഇവിയുമായി മത്സരിക്കും. ഈ ഇലക്ട്രിക് കാറിന് ഒറ്റ ചാർജിൽ 450 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും എന്നാണ് റിപ്പോ‍ട്ടുകൾ.

റെനോ കിഗർ ഫെയ്‌സ്‌ലിഫ്റ്റ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷണത്തിനിടെ ഈ റെനോ കാർ കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ഈ കാറിന്റെ രൂപകൽപ്പനയിൽ മാറ്റം വന്നേക്കാം. കൂടാതെ നിരവധി പുതിയ സവിശേഷതകൾ ഈ കാറിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

മാരുതി സുസുക്കി ഫ്രോങ്ക്സ് ഹൈബ്രിഡ്

ഈ സബ്-കോംപാക്റ്റ് എസ്‌യുവിയുടെ ഒരു ഹൈബ്രിഡ് പതിപ്പ് കമ്പനി ഉടൻ പുറത്തിറക്കിയേക്കാം എന്നാണ് റിപ്പോ‍ട്ടുകൾ. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമായി സ്മാർട്ട് ഹൈബ്രിഡ് സംവിധാനം ലഭിക്കുന്ന 1.2 ലിറ്റർ Z12E പെട്രോൾ എഞ്ചിൻ ഈ വാഹനത്തിലുണ്ടാകും.