Asianet News MalayalamAsianet News Malayalam

ഇതാ ഈ മാസം ഇന്ത്യയിലെത്തുന്ന അഞ്ച് മൊഞ്ചന്മാരും മൊഞ്ചത്തികളും

ഈ നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറായിരിക്കുന്ന  മികച്ച അഞ്ച് കാറുകളെക്കുറിച്ച് കൂടുതലറിയാം.

List Of Upcoming Cars In This November
Author
First Published Nov 7, 2022, 4:44 PM IST

2022 ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന് വളരെ സവിശേഷമായ വര്‍ഷമാണ്. ഇതുവരെ പല കമ്പനികളും റെക്കോർഡ്  വിൽപ്പന നടത്തി. അതേ സമയം, നവംബർ മാസത്തിൽ, ഓട്ടോമൊബൈൽ വ്യവസായത്തിലെ നിരവധി വൻകിട കമ്പനികൾ അവരുടെ പുതിയതും ശക്തവുമായ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. നവംബർ മാസത്തിൽ പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് കാറുകളും അവതരിപ്പിക്കാൻ പോകുന്നു എന്നതാണ് പ്രത്യേകത. ഈ നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ തയ്യാറായിരിക്കുന്ന  മികച്ച അഞ്ച് കാറുകളെക്കുറിച്ച് കൂടുതലറിയാം.

ജീപ്പ് ഗ്രാൻഡ് ചെറോക്കി ലോഞ്ച്
ഇന്ത്യയിലെ പുതിയ ഗ്രാൻഡ് ചെറോക്കി കാറിന്‍റെ വില വിവരങ്ങൾ വരുന്ന നവംബർ 11 ന് ജീപ്പ് ഇന്ത്യ പുറത്തുവിടും. മുൻനിര എസ്‌യുവിയായ ജീപ്പ് മെറിഡിയൻ, ജീപ്പ് റാംഗ്ലർ, കോംപസ് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ കാർ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നത് എന്നതാണ് പ്രത്യേകത. പുതിയ ഗ്രാൻഡ് ചെറോക്കിയെ ഇന്ത്യയിൽ അഞ്ച് സീറ്റർ എസ്‌യുവിയായി മാത്രമേ അവതരിപ്പിക്കാൻ ഇടയുള്ളു. വാഹനത്തിന്‍റെ പവറിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ കാറിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കും. അതേ സമയം, പുതിയ കാർ ഡിസംബർ ആദ്യം ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങുമെന്ന് കമ്പനി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രവൈഗ് ഇലക്ട്രിക് എസ്‌യുവി
പ്രവൈഗ് ഡൈനാമിക്‌സിന്റെ ഇലക്ട്രിക് കാറും നവംബർ മാസത്തിൽ ഇന്ത്യൻ വിപണിയിലെത്തും. നവംബർ 25ന് കമ്പനി ഇത് ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. മോഡലിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും പുതിയ കാർ എസ്‌യുവി ശൈലിയിലായിരിക്കുമെന്ന് ഏകദേശം ഉറപ്പാണ്. കാറിന് ഒറ്റ ചാര്‍ജ്ജില്‍ ഏകദേശം 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇതിന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇതിന് പുറമെ ഫാസ്റ്റ് ചാർജിംഗും കാറിൽ നൽകും.

പുതിയ എംജി ഹെക്ടർ
എംജി മോട്ടോർ ഇന്ത്യ ചില പ്രത്യേക മാറ്റങ്ങളോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹെക്ടർ എസ്‌യുവി ഉടൻ അവതരിപ്പിക്കാൻ പോകുന്നു. കാറിനെക്കുറിച്ച് നേരത്തെ ഒരു ടീസറും കമ്പനി അവതരിപ്പിച്ചിരുന്നു. ക്യാബിനിനുള്ളിൽ പുതിയ ഫീച്ചറുകളോട് കൂടിയ എക്സ്റ്റീരിയറുകളോടെയാണ് പുതിയ ഹെക്ടർ വരുന്നത്. വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കാറിൽ കാണാം. ഇതോടൊപ്പം മറ്റു ചില മാറ്റങ്ങളും ഉണ്ടാകും. 

ടൊയോട്ട ഇന്നോവ ഹൈക്രോസ്
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ മാസം നവംബർ 25 ന് അവതരിപ്പിക്കും. വപുതിയ നവീകരണങ്ങളോടെയാണ് ഇത് വരുന്നത്. വരാനിരിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലെ വലിയ കാര്യം അത് ഒരു ഹൈബ്രിഡ് പവർട്രെയിൻ വാഗ്ദാനം ചെയ്യും എന്നതാണ്. വരും ദിവസങ്ങളിൽ കാറിന് കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ഉറപ്പാണ്. 

വേൾഡ് അറ്റോ 3 ലോഞ്ച്
ലോകത്തിലെ പ്രശസ്‍തമായ ഓട്ടോമൊബൈൽ ബ്രാൻഡായ ബിവൈഡിയും 2022 നവംബറിൽ ഇന്ത്യയിൽ ഒരു ഇലക്ട്രിക്ക് കാർ അവതരിപ്പിക്കും.  ഈ കാർ ബ്രാൻഡിന്റെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറായിരിക്കും. ലോഞ്ച് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിട്ടില്ല എങ്കിലും നവംബർ 16 ന് വാഹനം വെളിപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ഈ കാറിന് 25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Follow Us:
Download App:
  • android
  • ios